തിരുവനന്തപുരം: ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും. അത് വോട്ടെണ്ണിയാൽ തീരും– ഇതായിരുന്നു രണ്ടു ദിവസം മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കമന്റ്. എന്നാൽ തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ടു തുറന്ന്. 74,000ലേറെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇതോടെ സോഷ്യൽ മീഡിയയിൽ മന്ത്രി റിയാസിനെതിരെ വിമർശനം ഉയർന്നു. ബിജെപി അക്കൗണ്ട് തുറന്നു ഇനി മന്ത്രി ആ തിരു വാ തുറന്ന് എന്തെങ്കിലും ഒന്ന് മൊഴിയണമെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
ആലപ്പുഴയിലെ കനൽ ആലത്തൂരിലേക്ക് മാറ്റി കെടാതെ രക്ഷപ്പെടുത്തിയതിന് അഭിനന്ദനമുണ്ടെന്നും ട്രോളന്മാർ പറയുന്നു.ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. അത് വേട്ട് എണ്ണിയ ശേഷം പറയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. എക്‌സിറ്റ് പോളുകൾ അശാസ്ത്രീയവും മുൻകൂട്ടി നിശ്ചയിച്ചതുമാണ്.ബിജെപിക്ക് വോട്ട് ഷെയർ കൂടുതൽ കിട്ടുന്നത് ചിരിപ്പിക്കുന്ന കാര്യമാണെന്നുമായിരുന്നു റിയാസിന്റെ പരിഹാസം.















