തിരുവനന്തപുരം: തൃശൂരിൽ നിന്ന് പാർലമെന്റിലേക്ക് ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ മാധവ് സുരേഷ്. തൃശൂർ എടുത്തു എന്ന അടിക്കുറിപ്പോടെയാണ് അച്ഛന്റെ ലീഡ് ഉൾപ്പെടെയുള്ള ഫോട്ടോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി മാധവ് പങ്കുവച്ചത്. സഹോദരി ഭാഗ്യയുടെ ഭർത്താവ് ശ്രേയസ് പങ്കുവച്ച സ്റ്റോറിയും മാധവ് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. മാറ്റം അനിവാര്യമാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

വിജയം ഉറപ്പിച്ച ശേഷം കുടുംബാംഗങ്ങൾക്ക് മധുരം നൽകിയാണ് സുരേഷ് ഗോപി ആഹ്ലാദം പങ്കിട്ടത്. തുടർന്ന് വീട്ടിലെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ പായസം വിതരണം ചെയ്താണ് കുടുംബം വിജയം ആഘോഷിച്ചത്. 412,338 വോട്ടുകളാണ് മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.

ബിജെപി നേതാവായതിന്റെ പേരിൽ അതിരൂക്ഷമായ സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് സുരേഷ് ഗോപി. പലപ്പോഴും കുടുംബവും ഇതിന് ഇരയായിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശൂർ ലൂർദ്ദ് പളളിയിൽ മാതാവിന് പൊൻകിരീടം സമർപ്പിച്ചതിൽ ഉൾപ്പെടെ സൈബറിടങ്ങളിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും വലിയ ട്രോളുകളും ആക്രമണങ്ങളും നേരിട്ടിരുന്നു.
വിജയത്തിൽ സന്തോഷവാനാണെന്നും ജയിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നുവെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുകയാണെന്നും അവരിലൂടെയാണ് ജയം സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തകർക്ക് നന്ദി, താൻ ആവശ്യപ്പെടുന്നതിനും നൂറിരട്ടി അവരെനിക്ക് തിരിച്ചുനൽകിയിട്ടുണ്ട്. നരേന്ദ്രമോദി രാഷ്‌ട്രീയ ദൈവമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.















