ഭുവനേശ്വർ: ഒഡിഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി. ഭരണകക്ഷിയായ ബിജെഡിയിൽ നിന്ന് ഭരണം പിടിച്ചെടുത്ത ബിജെപി 80 സീറ്റുകളിലാണ് വിജയമുറപ്പിച്ചത്. കേവല ഭൂരിപക്ഷമായ 74 എന്ന നമ്പർ വളരെ നിസാരമായി ബിജെപി മറികടന്നു. ഇതോടെ 24 വർഷം നീണ്ട നവീൻ പട്നായിക്കിന്റെ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് ബിജെപി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിൽ 49 സീറ്റുകളിൽ മാത്രമാണ് ബിജെഡി വിജയിച്ചത്. കോൺഗ്രസ് 14 സീറ്റിലൊതുങ്ങി. അവിടെയും കനലൊരുതരിയായി ഒരു സീറ്റിൽ സമാശ്വാസ വിജയം സ്വന്തമാക്കാൻ സിപിഎമ്മിന് ലഭിച്ചു. വിജയം കരസ്ഥമാക്കി മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും സംസ്ഥാനത്തുണ്ട്. മുഖ്യമന്ത്രി നവീൻ പട്നായിക് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിച്ചത്. ഹിൻജിലി, കാന്തബഞ്ചി മണ്ഡലങ്ങളിൽ നിന്ന് ജനവധി തേടിയ മുഖ്യമന്ത്രി ഒരു മണ്ഡലത്തിൽ പരാജയപ്പെട്ടു.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ 112 മണ്ഡലങ്ങളിൽ ജയിച്ച ബിജെഡിയാണ് ഇത്തവണ 49 സീറ്റിൽ ഒതുങ്ങിയത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 23 സീറ്റ് മാത്രം നേടിയ ബിജെപിക്ക് ഇത്തവണ കേവല ഭൂരിപക്ഷവും കടന്ന് ഭരണമുറപ്പിക്കാൻ കഴിഞ്ഞു. ഇതോടെ നവീൻ പട്നായിക്കിന്റെ ജൈത്രയാത്രയ്‌ക്ക് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി.