തൃശൂർ: സുരേഷ് ഗോപിയുടെ വിജയം കേരള രാഷ്‌ട്രീയത്തെ അടിമുടി മാറ്റിമറിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ബിജെപിയിൽ ചേർന്നത് മുതൽ സുരേഷ് ഗോപി അനുഭവിച്ച ഇകഴ്‌ത്തൽ സമാനതകൾ ഇല്ലാത്തതായിരുന്നു. അതിനെല്ലാമുള്ള മറുപടിയായിരുന്നു വിജയമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാചസ്പതിയുടെ വാക്കുകൾ.
തൃശൂരിന് നന്ദി. ജീവരക്തം ചൊരിഞ്ഞ നൂറുകണക്കിന് പ്രവർത്തകർ, ജീവിതം നൽകിയ പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ലക്ഷക്കണക്കിന് പ്രവർത്തകർ ഇന്നും നേരിടുന്ന അവഹേളനം, ചാണകം ചവിട്ടില്ലെന്ന് അപഹസിച്ച എതിരാളികൾ, എല്ലാത്തിനുമുള്ള മറുപടിയാണ് സുരേഷ് ഗോപിയുടെ വിജയമെന്ന് സന്ദീപ് വാചസ്പതി കുറിച്ചു.
ബിജെപിയിൽ ചേർന്നത് മുതൽ ഈ മനുഷ്യൻ അനുഭവിച്ച ഇകഴ്‌ത്തൽ സമാനതകൾ ഇല്ലാത്തതായിരുന്നു. എല്ലാത്തിനും ചേർത്ത് മറുപടി നൽകിയ തൃശൂരിന് ഒരിക്കൽ കൂടി നന്ദി. ഈ മഹാവിജയത്തിന് വേണ്ടി രാപ്പകൽ ഭേദമന്യേ കയ്യും മെയ്യും മറന്ന് കഷ്ടപ്പെട്ട തൃശൂരിലെ പ്രവർത്തകർക്ക് കേരള രാഷ്‌ട്രീയം ഞങ്ങൾ തിരുത്തിക്കുറിച്ചെന്ന് അഭിമാനത്തോടെ പറയാമെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.















