റോം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇന്ത്യ-ഇറ്റലി ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇനിയും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രിയുടെ ഊഷ്മളമായ പ്രവർത്തനങ്ങൾക്ക് ആശംസകർ നേരുന്നുവെന്നും മെലോണി എക്‌സിൽ കുറിച്ചു.
” മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. വരും വർഷങ്ങളിലും പ്രധാനമന്ത്രിയുടെ മികച്ച പ്രവർത്തനങ്ങൾ തുടരാൻ സാധിക്കട്ടെ. ഈ വിജയം ഇന്ത്യ- ഇറ്റലി ബന്ധം കൂടുതൽ ശക്തപ്പെടുത്തും. വരും നാളുകളിൽ ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കും. ജനസേവനമാണ് ഇരു രാജ്യങ്ങളുടെ ലക്ഷ്യം.”- പ്രധാനമന്ത്രി പറഞ്ഞു.
നേപ്പാൾ പ്രധാനമന്ത്രി പ്രഞ്ചന്ദ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൗഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവരും പ്രധാനമന്ത്രിക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിസ്വാർത്ഥ സേവനത്തിന് ജനങ്ങൾ നൽകിയ സ്‌നേഹ സമ്മാനമാണ് തുടർച്ചയായ ഈ മൂന്നാം വിജയമെന്നാണ് ലോകനേതാക്കൾ പറയുന്നത്.
തെരഞ്ഞെടുപ്പിൽ 291 സീറ്റുകൾ നേടാൻ എൻഡിഎയ്‌ക്ക് സാധിച്ചു. 234 സീറ്റുകളാണ് ഇൻഡി സഖ്യത്തിന് നേടാൻ സാധിച്ചത്. 18 സീറ്റുകൾ മറ്റുള്ള പാർട്ടികൾക്കും നേടാൻ സാധിച്ചു. 1962ന് ശേഷം ചരിത്രത്തിലാദ്യമായാണ് രണ്ട് തവണ കാലാവധി പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനങ്ങൾ നൽകിയ സ്‌നേഹത്തിന്റെ വിജയമാണിതെന്നും സബ് കാ സാത്ത് സബ് കാ വികാസ് എന്നതിനായാണ് ഇനിയുള്ള തന്റെ പ്രവർത്തനങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.















