ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ തുടർച്ചയായ മൂന്നാം വിജയത്തിൽ പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓരോ പ്രവർത്തകന്റേയും വിയർപ്പിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമാണ് ഈ വിജയമെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഓരോ പ്രവർത്തകർക്കും നന്ദി അറിയിച്ചത്.
” തുടർച്ചയായ മൂന്നാം തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം പാർട്ടി പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റേയും കഠിനാധ്വാനത്തിന്റേയും കൂടി വിജയമാണ്. ബിജെപി ദേശീയ നേതൃത്വത്തിന് കീഴിൽ രാജ്യത്തെമ്പാടുമുള്ള ഓരോ പ്രവർത്തകനും കഠിന പരിശ്രമം നടത്തി. പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ കീഴിൽ ഇതിനായി പരിശ്രമം നടത്തിയ ഓരോ പ്രവർത്തകനേയും അഭിനന്ദിക്കുകയും അവരെ നന്ദി അറിയിക്കുകയും ചെയ്യുന്നു” രാജ്‌നാഥ് സിംഗ് കുറിച്ചു.
ലക്‌നൗ ലോക്‌സഭാ സീറ്റിൽ എസ്പി സ്ഥാനാർത്ഥി രവിദാസ് മെഹ്‌റോത്രയെ 1,30,000ത്തിലധികം വോട്ടുകൾക്കാണ് രാജ്‌നാഥ് സിംഗ് പരാജയപ്പെടുത്തിയത്. ലക്‌നൗ മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം വിജയമാണ് അദ്ദേഹത്തിന്റേത്. രാജ്‌നാഥ് സിംഗ് 6,12,709 വോട്ടുകളും, രവിദാസ് മെഹ്‌റോത്ര 4,77,550 വോട്ടുകളുമാണ് സ്വന്തമാക്കിയത്. ബിഎസ്പിയുടെ മുഹമ്മദ് സർവാർ മാലിക്കിന് 30,192 വോട്ടുകളാണ് ലഭിച്ചത്.