മമ്മൂട്ടി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുമ്പോൾ ഉയരുന്ന പ്രധാന പരിഹാസങ്ങളിൽ ഒന്ന് സിനിമയിൽ മമ്മൂട്ടിക്ക് വേണ്ടി സംഘട്ടന രംഗങ്ങൾ ചെയ്യുന്നത് ടിനി ടോം ആണെന്നതാണ്. പലപ്പോഴും ഇത്തരം പരിഹാസങ്ങൾ അതിരു വിടാറുണ്ട്. മമ്മൂട്ടിക്ക് വേണ്ടി സംഘട്ടന രംഗങ്ങൾ സിനിമയിൽ ചെയ്തിട്ടില്ല എന്ന് പലതവണ ടിനി ടോമും തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ തന്നെയും മമ്മൂട്ടിയെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോലും പോയിരിക്കാൻ ഇന്ന് ഭയമാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു.
“മമ്മൂക്കയെ ഉപദ്രവിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ സിനിമകളിൽ ഫൈറ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയാൻ തുടങ്ങി. ആകെ മൂന്നു പടത്തിൽ അദ്ദേഹത്തിന്റെ ബോഡി ഡ്യൂപ്പായാണ് ഞാൻ ചെയ്തിട്ടുള്ളത്. ഈ പേരും പറഞ്ഞിട്ടാണ് ഇത്തരം പരിഹാസങ്ങൾ. അടുത്തിടെ കണ്ണൂർ സ്ക്വാഡിന്റെ ലൊക്കേഷനിൽ ഞാൻ പോയപ്പോൾ മമ്മൂക്ക പറഞ്ഞു, ‘നീ അടുത്ത് വന്നിരുന്നാൽ നാട്ടുകാർ പറയും നീയാ ഇതിലെ ഫൈറ്റ് ചെയ്തതെന്ന്’. ഒരാളെ വേദനിപ്പിക്കുക, ഒരു കലാകാരൻ നശിച്ചു കാണാൻ അത്രയധികം ആഗ്രഹിക്കുക. ഇതാണ് ഇത്തരം പരിഹാസങ്ങൾക്ക് പിന്നിൽ”.
“മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ഇത് എത്ര തവണ പറഞ്ഞാലും വീണ്ടും പരിഹസിക്കും. ടർബോയുടെ വരെ ഫൈറ്റ് ചെയ്തത് ഞാനാണെന്ന് പ്രചരിപ്പിച്ചു. ഇതെല്ലാം ഫാൻ ഫൈറ്റിന്റെ ഭാഗമായിരിക്കാം. ലാലേട്ടൻ വളരെ ഈസി ആയിട്ട് ആയിരിക്കും സിനിമയിൽ അഭിനയിക്കുകയും പോകുകയും ഒക്കെ ചെയ്യുന്നത്. മമ്മൂക്ക അങ്ങനെയല്ല, ഓരോന്നും അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്നതാണ്. മമ്മൂക്കയെ പരിഹസിക്കുന്നത് എന്നെയാണ് ബാധിക്കുന്നത്. മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയിലായി” – ടിനി ടോം പറഞ്ഞു.















