തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രഖ്യാപനത്തിലെ തിരിച്ചടികളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
”ലോക പരിസ്ഥിതി ദിനമാണിന്ന്. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. നിയോലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നത്..” എന്ന് തുടങ്ങുന്ന പോസ്റ്റാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചത്.
നിലവിൽ ആലത്തൂരിൽ മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്. കേരളത്തിൽ സിറ്റിംഗ് സീറ്റായ ആലപ്പുഴയും എൽഡിഎഫിനെ കൈവിട്ടിരുന്നു. പരാജയത്തെ കുറിച്ച് അവലോകനം നടത്തുമെന്ന് സിപിഎം നേതൃത്വം അറിയിച്ചെങ്കിലും മുഖ്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.















