തിരുവനന്തപുരം: തൃശൂർ എനിക്ക് വേണം എന്ന മുൻ പ്രസംഗത്തെ കുറിച്ച് മനസ് തുറന്ന് നിയുക്ത എംപി സുരേഷ് ഗോപി. 2019ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അമിത് ഷായാണ് തന്റെ വാക്കുകൾക്ക് ഊർജ്ജമേകിയതെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു.
” വിഷുവിന്റെ പിറ്റേന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അമിത് ഷാ തൃശൂരിൽ എത്തിയിരുന്നു. പരിപാടിയിൽ പ്രസംഗിച്ച് വേദിയിൽ നിന്ന് തിരിച്ച് പോകുന്ന വേളയിൽ ലേകേ ആനാ, ഹമേ ചാഹിയേ കേരൾ , ജീത് കേ ആനാ (കൊണ്ടുവരൂ, കേരളം നമുക്ക് വേണം, വിജയിച്ച് വരൂ) എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ കെട്ടിപ്പിടിച്ച് അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഭയങ്കര വൈബറേഷനാണ് നൽകിയത്. ആ ഊർജ്ജം ഉൾക്കൊണ്ട് ആത്മാർത്ഥമായാണ് തൃശൂർ എനിക്ക് വേണമെന്ന് പറഞ്ഞത്, അദ്ദേഹം കൂട്ടിച്ചേർത്തു.
‘ തൃശൂർ എനിക്ക് വേണം, ഞാൻ എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ പ്രസംഗത്തെ ഇടത് വലതു മുന്നണികൾ ഏറെ പരിഹാസത്തോടെയാണ് ചിത്രീകരിച്ചത്. സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറഞ്ഞപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. സംസ്ഥാനത്ത് നിന്ന് ബിജെപിയുടെ ആദ്യ എംപിയായി അന്ന് പറഞ്ഞ വാക്കുകൾ സത്യമാണെന്ന് തെളിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
വിജയാഘോഷത്തിനായി ഇന്ന് വൈകുന്നരത്തോടെ സുരേഷ് ഗോപി തൃശൂരിൽ എത്തും. തൃശൂർ മണികണ്ഠനാലിൽ നിന്ന് ആരതി ഉഴിഞ്ഞാണ് ആഘോഷത്തിന് തുടക്കം കുറിക്കുക.















