കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെന്ന് കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എളമരം കരീം. എൽഡിഎഫ് നേരിടേണ്ടി വന്ന തോൽവി ആഴത്തിൽ പഠിക്കുമെന്നും വിശകലനം നടത്തേണ്ടത് അനിവാര്യമാണെന്നും എളമരം കരീം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായ നാലാം വട്ടവും ജനവിധി തേടിയ എംകെ രാഘവന്റെ ഏട്ടൻ പ്രഭാവം മറികടക്കാൻ ഇക്ക പ്രചാരണവുമായി എളമരം കരീം രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. മുസ്ലീം വോട്ടുകൾ പെട്ടിയിലാക്കാനുളള സിപിഎമ്മിന്റെ രാഷ്‌ട്രീയ തന്ത്രമാണിതെന്നും മതേതര പാർട്ടിയെന്ന് അവകാശപ്പെട്ട സിപിഎമ്മിന്റെ ഇരട്ടമുഖമാണ് ഇതിൽ വ്യക്തമാകുന്നതെന്നും വിമർശനം ഉയർന്നിരുന്നു
തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫിന് കാലിടറിയിരുന്നു. എൽഡിഫിന്റെ പ്രഭാവം നിറഞ്ഞു നിന്നിരുന്ന എലത്തൂർ, ബേപ്പൂർ തുടങ്ങിയ മണ്ഡലങ്ങളും കരീമിനെ കൈവിട്ടു. ബേപ്പൂർ, പൊതുമരാമത്ത് മന്ത്രി റിയാസിന്റെ സ്വന്തം മണ്ഡലമായിരുന്നിട്ട് പോലും എൽഡിഎഫ് അങ്കത്തട്ടിൽ പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 33,974 വോട്ടുകളാണ് എൽഡിഎഫിന് ഇത്തവണ കുറഞ്ഞത്. ബേപ്പൂർ മണ്ഡലത്തിൽ മാത്രമായി 19,561 വോട്ടുകൾക്കാണ് എൽഡിഎഫ് പിന്നിലായത്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു എൽഡിഎഫ് പിന്നിലായത്. മറ്റ് മണ്ഡലങ്ങളിൽ ലീഡ് നില ഉയർത്താൻ സാധിക്കാതെ വന്നതും എൻഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടി.















