വിജയവാഡ: എൻഡിഎക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു. ടിഡിപി എൻഡിഎയുടെ ഭാഗമാണ് അതുകൊണ്ട് തന്നെ സർക്കാർ രൂപീകരണത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
“രാജ്യത്ത് ഒരുപാട് രാഷ്‌ട്രീയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഞങ്ങൾ എൻഡിഎയിലാണ്. ഞാൻ എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കാനാണ് പോകുന്നത്,” വിജയവാഡയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എൻഡിഎ-ടിഡിപി സഖ്യത്തിന് ആന്ധ്രപ്രദേശിലെ ജനങ്ങൾ നൽകിയ പിന്തുണയ്‌ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ചരിത്രപരമായ തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും ആളുകൾ അമേരിക്കയിൽ നിന്നും മറ്റു സംസഥാനങ്ങളിൽ നിന്നുമൊക്കെ ആന്ധ്രപ്രദേശിലെത്തി വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ നൽികിയ പിന്തുണയ്‌ക്കും ചന്ദ്രബാബു നായിഡു നന്ദിയറിയിച്ചു.
ടിഡിപിയും ജനസേനാ പാർട്ടിയും ചേർന്ന എൻഡിഎ സഖ്യത്തിന് ആന്ധ്രാപ്രദേശിലെ ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയമാണ് നേടാനായത്. 175 സീറ്റുകളിൽ 164 സീറ്റിലും വിജയിച്ച എൻഡിഎ മുന്നണി ജഗൻമോഹൻ റെഡ്ഢിയുടെ തുടർഭരണമെന്ന മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.















