തൃശൂർ: കേരള രാഷ്‌ട്രീയത്തിൽ മാറ്റത്തിന്റെ ശംഖൊലിയായി മാറിയ നിയുക്ത എംപി സുരേഷ് ഗോപിയെ വരവേൽക്കാനൊരുങ്ങി പൂരനഗരി. ബിജെപി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് തൃശൂരിൽ അരങ്ങേറുന്നത്. പൂര സമാനമായ വലിയൊരു ജനസഞ്ചയം തന്നെയാണ് നഗരത്തിൽ ഒത്തുകൂടിയിരിക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിക്ക് അവിടെയും വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. ഇവിടെ നിന്ന് സ്വന്തം വാഹനത്തിലാണ് അദ്ദേഹം തൃശൂരിലേക്ക് യാത്ര തിരിച്ചത്.
തൃശൂരിൽ രാജകീയ വരവേൽപ്പ് നൽകാനാണ് ബിജെപി പ്രവർത്തകർ പദ്ധതിയിടുന്നത്. മുതിർന്ന ബിജെപി നേതാക്കളും സ്വീകരണ ആഘോഷങ്ങളിൽ പങ്കെടുക്കും. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് നഗരത്തിലുടനീളം തടിച്ചുകൂടിയിരിക്കുന്നത്. പൂരത്തിനൊരുക്കുന്ന തരത്തിൽ വിപുലമായ ആഘോഷങ്ങളാണ് സുരേഷ് ഗോപിയെ സ്വാഗതം ചെയ്യാനായി സജ്ജമാക്കിയിരിക്കുന്നത്.
74, 000-ത്തിലധകം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം. മൂന്ന് മണിയോടെ അണികളെയും വോട്ടർമാരെയും കാണാനായി സുരേഷ് ഗോപി തൃശൂരിലെത്തും. ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാൻ റോഡ് ഷോ ഉൾപ്പെടെയുളളവയാണ് ബിജെപി നേതൃത്വം തൃശൂരിൽ ഒരുക്കിയിട്ടുളളത്.