ന്യൂഡൽഹി: നീണ്ട തിരിച്ചടികൾക്കൊടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായ സഹോദരൻ രാഹുലിന് വേണ്ടി വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് പ്രിയങ്ക വാദ്ര. രാഹുലിനെ പ്രശംസിച്ചും വാനോളം പുകഴ്‌ത്തിയുമാണ് കുറിപ്പ്. കള്ളപ്രചരണങ്ങൾ നടത്തിയിട്ടും തളരാതെ സത്യത്തിനുവേണ്ടി രാഹുൽ പോരാടിയെന്ന പ്രിയങ്ക പറഞ്ഞു.
എല്ലാവരിലും ധീരനും സ്നേഹത്തിന്റെ നിറകുടവും ദയയുടെ
പ്രതീകവുമായ രാഹുലിനെ കുറിച്ചോർക്കുമ്പോൾ ഒരു സഹോദരിയെന്നനിലയിൽ അഭിമാനപുളകിതയാകുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലുംരാഹുൽ പിന്മാറാൻ തയ്യാറായിരുന്നില്ല. അവർക്കൊക്കെ സംശയം തോന്നിയിട്ടും സ്വന്തം കഴിവിൽ രാഹുലിന് വിശ്വാസമുണ്ടായിരുന്നുവെന്നും അവർ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
മൂന്നാം വട്ടവും ബിജെപി സർക്കാരിനെ അധികാരത്തിലെത്തിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്‌ബറേലി, വയനാട് മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു. എൻഡിഎ യെ പരാജയപ്പെടുത്താൻ ഇന്ത്യ മുഴുവനുമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ഇൻഡി മുന്നണി രൂപീകരിച്ച് മത്സരിച്ചുവെങ്കിലും ബിജെപി ഒറ്റയ്‌ക്ക് നേടിയ എണ്ണം സീറ്റുകൾ പോലും ഇവർക്ക് നേടിയെടുക്കാനായില്ല.