ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
ഉത്തർപ്രദേശിന്റെ പുരോഗതിയ്‌ക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കുന്ന യോഗി ആദിത്യനാഥിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. അങ്ങയുടെ ഹൃദയംഗമമായ പിറന്നാൾ ആശംസകൾ എനിക്ക് പ്രചോദനമാണ്. അങ്ങ് നൽകുന്ന മാർഗനിർദേശങ്ങളിലൂടെ വികസിത ഉത്തർപ്രദേശ് കെട്ടിപ്പടുക്കുവാൻ പോവുകയാണെന്ന് യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും യോഗി ആദിത്യനാഥിന് പിറന്നാൾ ആശംസകൾ നേർന്നു.
1972 ജൂൺ അഞ്ചിന് ഉത്തരാഖണ്ഡിലെ പാരി ഗർവാൾ ജില്ലയിലാണ് യോഗി ആദിത്യനാഥ് ജനിച്ചത്. വ്യത്യസ്തമായ ജീവിത സാഹചര്യത്തിലൂടെയും ദൈവിക ചിന്തകളിലൂടെയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. തുടർന്ന് ഗൊരഖ്നാഥ് ക്ഷേത്രത്തിലെ പുരോഹിതനായ മഹന്ത് വൈദ്യനാഥിന്റെ ശിഷ്യനായി. അദ്ദേഹത്തിന്റെ മരണശേഷം യോഗി ആദിത്യനാഥ് ഗൊരഖ്‌നാഥ് മഠത്തിന്റെ പ്രധാന പുരോഹിതനായി.
1998-ലാണ് ഗൊരഖ്പൂരിൽ നിന്നും എംപിയായി യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയത്. തുടർന്ന് 1998 മുതൽ 2017 വരെ തുടർച്ചയായി അഞ്ച് തവണ ഗൊരഖ്പൂർ എംപിയായി സേവനമനുഷ്ഠിച്ചു. ഇതിന് ശേഷമാണ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്.