ലോക്‌സഭ തെരഞ്ഞെടുപ്പിൽ കന്യാകുമാരി മുതൽ കശ്മീർ വരെ കനൽ തരിയായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് സിപിഎം. തുടർഭരണം പോലും സ്വന്തമാക്കിയ കേരളത്തിൽ അമ്പേ തകർന്നിട്ടും വോട്ട് കുറഞ്ഞില്ലെന്നും അടിത്തറ ഇപ്പോഴും ഭദ്രമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ക്യാപ്‌സ്യൂൾ. ചിഹ്നം പോലും നഷ്ടമാകുമെന്ന് ഭയന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മിന് നാല് സീറ്റ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഈ തകർപ്പൻ ഡയലോഗ് എന്നതാണ് വാസ്തവം.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ മാസങ്ങൾക്ക് മുൻപേ വൻ പ്രചാരണങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തി വന്നത്. എന്നാൽ ഇവയൊന്നും കേരളത്തിൽ ഏശിയില്ല. മറിച്ച് ഭരണവിരുദ്ധ വികാരം അലയടിച്ചു. ജനാധിപത്യത്തിന്റെ വിലയറിയാൻ ലഭിച്ച അവസരമാണ് സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പ്.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന തെരഞ്ഞടുപ്പ് ഫലം. മതനിരപേക്ഷതയുടെ പുറംചട്ടയിൽ ഇരുചെവി അറിയാതെ വർഗീയ ധ്രൂവീകരണം നടത്തുകയും അതിന്റെ പേരിൽ വോട്ട് തട്ടുകയും ചെയ്യുന്നത് ഏറെക്കാലം തുടരാനാകില്ലെന്ന് കൂടി സിപിഎമ്മിനെ ഈ ഫലം ഓർമ്മിപ്പിക്കുന്നു. ജനങ്ങളുടെ കാകദൃഷ്ടിയിൽ ഇത്തരം കുത്സിതനീക്കങ്ങൾ വ്യക്തമായി പതിഞ്ഞു. അപകടം മണത്ത സാധാരണക്കാരൻ വോട്ടിലൂടെ മറുപടി നൽകി. സിപിഎമ്മിനെ ഇത്ര കനത്ത പരാജയത്തിലേക്ക് തള്ളി വിട്ടത് നിരവധി ഘടകങ്ങളാണ്
1. മണ്ഡലകാലത്തെ ഭക്തരോഷം
ഹൈന്ദവ വിശ്വാസികളുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവ് കോറിയിട്ട യുവതീ പ്രവേശനത്തിന് ശേഷം വീണ്ടും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയൊരു മണ്ഡലകാലമാണ് കഴിഞ്ഞുപോയത്. ചരിത്രത്തിലാദ്യമായി ഭക്തർ മലചവിട്ടാതെ പാതിവഴിയിൽ നിന്നും പന്തളത്തും പമ്പയിലും ക്ഷേത്രങ്ങളിലെത്തി മാലയൂരി കണ്ണീരോടെ മടങ്ങി.
ശബരിമലയിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാനോ തിരക്ക് നിയന്ത്രിക്കാനോ സർക്കാരിനും മറ്റ് സംവിധാനങ്ങൾക്കും കഴിഞ്ഞില്ല. ഹൈക്കോടതി പോലും ഇടപെട്ടങ്കിലും മണ്ഡലകാലം അവസാനിക്കും വരെ ഭക്തരുടെ ദുരിതത്തിന് അറുതിയില്ലായിരുന്നു. മണിക്കൂറുകളോളം അയ്യപ്പഭക്തർ വെളളം പോലും കിട്ടാതെ കാത്തുനിൽക്കുമ്പോൾ ഒരു കോടിയുടെ ബസിൽ മുഖ്യനും കൂട്ടരും നവകേരള സദസ്സുമായി നാടുചുറ്റുകയായിരുന്നു.
2.മറിയക്കുട്ടിയെ പിച്ചച്ചട്ടിയുമായി തെരുവിലിറക്കിയ ഭരണം
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കാത്ത സർക്കാരാണ് ഭരണത്തിലിരിക്കുന്നതെന്നതിന് അടിമാലിക്കാരി മറിയക്കുട്ടിയാണ് മികച്ച ഉദാഹരണം. വയോധികർക്ക് നൽകുന്ന ക്ഷേമപെൻഷനിൽ വരെ കണ്ണടച്ച സർക്കാർ. അടിമാലിയിൽ മറിയക്കുട്ടിയെന്ന 88 വയസുകാരി പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയതോടെ സർക്കാരിന്റെ കെടുകാര്യസ്ഥത കൂടിയാണ് അടയാളപ്പെടുത്തിയത്. ഒടുവിൽ ചട്ടയും മുണ്ടും ഉടുത്ത മറിയക്കുട്ടി ക്ഷേമപെൻഷനായി കാത്തിരിക്കുന്ന ആയിരങ്ങളുടെ ശബ്ദമായി മാറി. സംഭവത്തെ ഹൈക്കോടതിക്ക് മുന്നിലെത്തിക്കാനും അവർക്ക് സാധിച്ചു. പ്രതിമാസം 1,600 രൂപ കൊടുക്കാനില്ലെയെന്ന് കോടതി ആരാഞ്ഞപ്പോൾ സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായമായിരുന്നു സർക്കാരിനുണ്ടായിരുന്നത്.
3.പൗരപ്രമുഖരും ജീവൻരക്ഷാ പ്രവർത്തനവും
കടക്കെണിക്കിടയിലും കൊട്ടിഘോഷിച്ച് നവകേരള സദസ് നടത്തിയ സർക്കാർ. എന്തിനോ വേണ്ടി തിളച്ച സാമ്പാർ എന്ന മട്ടിലായിരുന്നു നവകേരള സദസ്സ്. സർക്കാർ ചിലവിൽ നടത്തിയ രാഷ്‌ട്രീയ പ്രചാരണം. കോടികൾ ചെലവിട്ട് ബെംഗളൂരുവിൽ നിന്ന് പ്രത്യേകം ബസ് എത്തിച്ചതും ചർച്ചയ്‌ക്ക് വഴിയൊരുക്കി.
മുഖ്യമന്ത്രിയും പരിവാരങ്ങളും ഓരോ മണ്ഡലത്തിലേക്കും ഇറങ്ങി ചെന്ന് ജനങ്ങളുമായി സംവദിക്കുമെന്നായിരുന്നു അവകാശവാദം. ‘പൗരപ്രമുഖരെന്ന്’ പറഞ്ഞ് ഒരു വിഭാഗത്തെ ക്ഷണിച്ച് സർക്കാർ ചെലവിൽ ഭക്ഷണം കഴിച്ച് അതുവെച്ച് പബ്ലിക് റിലേഷൻ വർക്ക് നടത്തുന്ന ഏർപ്പാട്. പ്രശ്‌ന പരിഹാരത്തിനെത്തിയവരെ രസീത് മാത്രം നൽകി പറഞ്ഞയച്ചു. നടപടി ഇന്നും ഫയലുകളിലാണ്.
പ്രതിഷേധം പ്രകടിപ്പിക്കാൻ കറുപ്പിട്ട് വഴിയിൽ നിന്നവരെ മുഖ്യന്റെ നേതൃത്വത്തിൽ നന്നായി ‘കൈകാര്യം’ ചെയ്തു. പിന്നാലെ ‘ജീവൻരക്ഷാ പ്രവർത്തനം’ എന്ന ലേബലും പിണറായി നൽകി. ഇതും ജനങ്ങൾക്കിടയിൽ ചർച്ചയായി.
4.യുവാക്കളെ തെരുവിലിറക്കിയ ഭരണം, അവരുടെ ശക്തിയറിഞ്ഞ ഫലം
യുവാക്കളാണ് ശക്തിയെന്ന് ഘോരഘോരം പ്രസംഗിക്കുമെങ്കിലും എല്ലാം വെറും തളളും വാഗ്ദാനങ്ങളും മാത്രമാണെന്നും ജനം തിരിച്ചറിഞ്ഞു. അറുപതോളം ദിവസം സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുൻപിൽ സമരമിരുന്നു. മണ്ണും പുല്ലും തിന്നു. പൊരിവെയിലത്ത് കിടന്നു. അങ്ങനെ പലതും ചെയ്‌തെങ്കിലും മുഖ്യൻ മൗനിയായിരുന്നു.
വകുപ്പ് മന്ത്രിക്കും പ്രത്യേകിച്ച് ഒന്നും പറയാനില്ലായിരുന്നു. ഡിവൈഎഫ്‌ഐ പേലുളള സംഘടനകളും യുവാക്കൾക്കായി ശബ്ദിച്ചില്ല. സമരത്തിന്റെ അവസാന ദിവസം ഉദ്യോഗാർത്ഥികൾ സർക്കാരിനെതിരെ ക്യാമ്പെയ്ൻ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. അവരുടെയും വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ഒരുവിധത്തിൽ പറയാം.
5.മുങ്ങുന്ന നഗരങ്ങളും മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കും
അടിസ്ഥാന സൗകര്യ വികസനത്തിലും പിണറായി സർക്കാർ അമ്പേ പരാജയമായിരുന്നു എന്നതാണ് വാസ്തവം. ഒരു ചാറ്റൽ മഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടാണ്. തലസ്ഥാനവും കൊച്ചിയും തൃശൂരുമൊക്കെ ഒരേ സമയം ഈ പ്രതിസന്ധി നേരിടുന്നു. മണിക്കൂറുകൾ മഴ പെയ്താൽ വീട്ടിൽ വെളളം കയറുന്ന അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ അവതാളത്തിലായ വർഷം. റോഡിലെ കുഴികളെകുറിച്ചും കാനകളെകുറിച്ചും മഴ എത്തിയ ശേഷം ചിന്തിക്കുന്ന സ്ഥിതി.
6.സർക്കാർ ഉപേക്ഷിച്ച ആനവണ്ടി
കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പുതുമയല്ലെങ്കിലും അത് ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട വർഷങ്ങൾ മുൻപില്ല. ഒരു മാസം പോലും കൃത്യമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ കദന കഥകൾ. നമ്മുടെ നാട്ടിൽ സാധാരണക്കാർ ആശ്രയിക്കുന്ന വാഹനമാണ് കെഎസ്ആർടിസി. അവരുടെ ബെൻസും മാരുതിയുമെല്ലാം ആ ബസുകളാണ്. അതുകൊണ്ടു തന്നെ അതിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് അവർക്ക് സ്വന്തം പ്രശ്‌നം പോലെയാണ്. കൃത്യമായി ശമ്പളവും പെൻഷനും ജീവനക്കാർക്ക് നൽകാനും സർക്കാരിന് സാധിക്കുന്നില്ല.
ധൂർത്തടിച്ച് വരുത്തിവെച്ച കടബാധ്യത കേന്ദ്രത്തിന്റെ തലയിലിട്ട് ക്യാപ്‌സ്യൂൾ നൽകി നെടുവീർപ്പിടാമെന്ന സർക്കാരിന്റെ തന്ത്രമാണ് പാളിയത്. സാധാരണ ജനങ്ങളിൽ വരെ ഭരണ വിരുദ്ധത അലയടിച്ചെന്നതാണ് വാസ്തവം.
7.കേന്ദ്രത്തിനെ കുറ്റപ്പെടുത്തി ഒടുവിൽ ‘അറിഞ്ഞു’
കുടിശിക തരുന്നില്ലെന്ന് പറഞ്ഞ് കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നതായിരുന്നു പിണറായി സർക്കാരിന്റെ ശീലം. തോമസ് ഐസക്ക് മുതൽ കെഎൻ ബാലഗോപാൽ ഉൾപ്പെടെയുളളവർ ഇതിനായി മത്സരിച്ചു. പക്ഷെ ഒടുവിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്ത് എത്തി കാര്യങ്ങൾ വിളിച്ചുപറഞ്ഞതോടെ സർക്കാരിന് തിരിച്ചടിയായി. പൊതു ആവശ്യങ്ങൾക്ക് പണമില്ലെന്ന് പറയുമ്പോഴും ധൂർത്തിന് അപ്പോഴും ഒരു കുറവും ഇല്ലായിരുന്നു.
സർക്കാർ ജീവനക്കാരുടെ പെൻഷൻ ക്ഷാമബത്തകൾ മുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇത്തരം വിഷയങ്ങളിൽ പരിഹാരമുണ്ടാക്കുന്നതിൽ സർക്കാർ പരാജയമായിരുന്നു. പ്രതിസന്ധി എന്നതിലപ്പുറം സർക്കാർ ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നത് സർക്കാരിന്റെ പ്രധാന വിഷയമല്ല എന്ന സമീപനമാണ് ജനങ്ങളുടെ പ്രതിഷേധം ഇരട്ടിയാക്കിയത്.