തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്ന സിനിമാ താരമാണ് നടൻ ടിനി ടോം. എറണാകുളം വിമാനത്താവളത്തിലെത്തി പൊന്നാട അണിയിച്ചാണ് സുരേഷ് ഗോപിയെ ടിനി ടോം ആദരിച്ചത്. വലിയ മാറ്റങ്ങൾക്കായിരിക്കും തൃശൂരിലെ ജനങ്ങൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടിനി ടോം പറഞ്ഞു. സുരേഷ് ഗോപിയെ പിന്തുണയ്‌ക്കുന്നത് കൊണ്ട് ആരെങ്കിലും സംഘി പട്ടം ചാർത്തിയാൽ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നന്മയുണ്ടെങ്കിൽ ആരും ഉയരത്തിലെത്തുമെന്നതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപിയെന്നും താരം വ്യക്തമാക്കി.
“സുരേഷേട്ടനെ സ്വീകരിക്കാൻ ഞാൻ ആരെയും അറിയിച്ചിട്ട് വന്നതല്ല. അദ്ദേഹവുമായി എനിക്കുള്ള സൗഹൃദം എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ മാനുഷികമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഞാൻ കൂടെയുണ്ടായിട്ടുണ്ട്. നല്ല നടൻ ഉണ്ടാവും നല്ല നേതാവും ഉണ്ടാവും നല്ല മനുഷ്യൻ സുരേഷ് ഗോപിയാണ്. അതുകൊണ്ടാണ് കൂടെ നിന്നതും. ഇനി നമുക്ക് കിട്ടുമോ എന്നറിയില്ല. സുരേഷേട്ടന് ഇന്ത്യ മുഴുവൻ നോക്കേണ്ടി വരും. നല്ല മനുഷ്യർ വരട്ടെ. എന്റെ ഒരുപാട് ബന്ധുക്കൾ തൃശൂർ ഉണ്ട്. അവിടത്തെ ബിഷപ്പുമായി എനിക്ക് നല്ല ബന്ധമുണ്ട്. സ്ത്രീകളുടെയെല്ലാം ഇഷ്ട കഥാപാത്രമാണ് സുരേഷേട്ടൻ. അതുകൊണ്ട് ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു”.
“സുരേഷേട്ടന് ഒരു രാഷ്‌ട്രീയ മുഖം ആരും കണ്ടിട്ടില്ല. സ്വന്തം കയ്യിലെ പണം മറ്റുള്ളവർക്ക് കൊടുക്കുന്ന മനുഷ്യനാണ്. ഇപ്പോൾ തന്നെ അദ്ദേഹം പലതും ചെയ്യുന്നു. അപ്പോൾ കേന്ദ്രത്തിൽ നിന്നും പണം കിട്ടിയാൽ ചെയ്യാൻ പോകുന്നത് എന്തായിരിക്കുമെന്ന് അറിയാമല്ലോ. അഞ്ച് വർഷം കൊണ്ട് തൃശൂർ വരുന്ന മാറ്റത്തിന് ജനങ്ങൾ സാക്ഷ്യം വഹിക്കട്ടെ. തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരുമെന്ന് ഒരു സംശയവുമില്ല. സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തിന് സപ്പോർട്ട് നൽകുന്നത് ഓരോത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നെ സംഘിയെന്ന് ഇഷ്ടമുള്ളവർ വിളിച്ചോട്ടെ. സംഘി പട്ടം കിട്ടുന്നതിൽ പേടിയില്ല”.
“എംപി സ്ഥാനം ഇല്ലതിരുന്ന സമയത്തും സുരേഷേട്ടൻ സഹായം ചെയ്തിരുന്നു. മാ എന്ന് പറയുന്ന ഞങ്ങളുടെ സംഘടനയ്‌ക്ക് അദ്ദേഹം സഹായം ചെയ്യുന്നു. അമ്മ എന്ന സംഘടനയുടെ ഓരോ ആവശ്യത്തിനും അതിലെ അംഗങ്ങളുടെ കുടുംബപരമായ ആവശ്യങ്ങൾക്ക് പോലും സുരേഷേട്ടൻ ഉണ്ടായിരുന്നു. അത് നല്ലൊരു മനുഷ്യനെ സാധിക്കുകയുള്ളൂ. സന്തോഷത്തേക്കാൾ, എനിക്ക് വിശ്വാസമാണ്. നന്മ മാത്രം മതി, നമ്മൾ ഉയരത്തിലെത്തുമെന്നതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപി”- ടിനി ടോം പറഞ്ഞു.