ന്യൂഡൽഹി: ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് “അമ്മയുടെ പേരിൽ ഒരു മരം” എന്ന പുതിയ ക്യാമ്പയിന് തുടക്കം കുറിച്ച് നരേന്ദ്രമോദി. അമ്മമാരോടുള്ള ആദരസൂചനകമായി എല്ലാവരും വരും ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വച്ച് പിടിപ്പിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.
ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിൽ അരയാൽ വൃക്ഷത്തൈ വച്ച് പിടിപ്പിച്ചാണ് അദ്ദേഹം പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചത്. കേന്ദ്ര പരിസ്‌ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന എന്നിവർ സന്നിഹിതരായിരുന്നു.
ലോക പരിസ്‌ഥിതി ദിനമായ ഇന്ന് ഒരു ക്യാമ്പയിൻ തുടങ്ങുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നവർ തങ്ങൾ നടുന്ന വൃക്ഷതൈയുടെ ചിത്രം സഹിതം #Plant4Mother എന്ന ഹാഷ്ടാഗിൽ ഷെയർ ചെയ്യാൻ അദ്ദേഹം അഭ്യർഥിച്ചു. അതുകൂടാതെ പരിസ്‌ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ മരം നടൽ അനുഭവത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. പ്രകൃതി മാതാവിനെ സംരക്ഷിക്കുന്നതിന്റെ പ്രതിജ്ഞാബദ്ധതയെന്നോണം താൻ ഇന്ന് ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിച്ചതായും എല്ലാവരും നമ്മുടെ ഗ്രഹത്തെ പരിപോഷിപ്പിക്കാനായി വേണ്ട സംഭാവനകൾ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ നടത്തിയ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
എല്ലാവർഷവും ജൂൺ 5 ന് ആണ് ലോക പരിസ്‌ഥിതി ദിനം ആഘോഷിക്കുന്നത്. ‘ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം’ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം.