ന്യൂഡൽഹി: എൻഡിഎ സർക്കാരിന് തുടർഭരണം ലഭിച്ചതിൽ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളറിയിച്ച് ലോകനേതാക്കൾ. അമ്പതോളം ആഗോളനേതാക്കളാണ് മോദിയെ പ്രശംസിച്ച് കുറിപ്പുകൾ പങ്കുവച്ചത്.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കരീബിയ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കൾ മോദിയെ അനുമോദിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മുതൽ ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ വരെ മോദിക്ക് ആശംസകളുമായി രംഗത്തെത്തി. കൂടാതെ മാലദ്വീപ്, ഇറാൻ, സീഷെൽസ് എന്നിവിടങ്ങളിലെ നേതാക്കളും മോദിയെ പ്രശംസിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും നരേന്ദ്രമോദിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. സെർബിയൻ പ്രസിഡന്റും ആശംസകളുമായെത്തി.
നൈജീരിയ, കെനിയ, കോമൊറോസ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കളും മോദിയുടെ ഹാട്രിക് നേട്ടത്തെ അഭിനന്ദിച്ചു. ജമൈക്ക, ബാർബദോസ്, ഗുയാന എന്നീ കരീബിയൻ മേഖലകളിൽ നിന്നും നരേന്ദ്രമോദിയെ തേടി അഭിനന്ദനങ്ങളെത്തി. മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് ലോകനേതാക്കൾ ആശംസകളുമായി വന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മാത്രമാണ് ഇതിന് മുൻപ് തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി പദം കൈകാര്യം ചെയ്തതെന്നതും ശ്രദ്ധേയമാണ്.
എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎയുടെ തുടർഭരണം പ്രവചിച്ചിരുന്നു. 292 സീറ്റുകളാണ് എൻഡിഎ സഖ്യം സ്വന്തമാക്കിയത്. പ്രതിപക്ഷ മുന്നണികൾ ഒന്നിച്ച് മത്സരിച്ചിട്ടും ഇൻഡി സഖ്യത്തിന് 233 സീറ്റുകളെ നേടാൻ കഴിഞ്ഞുള്ളൂ.















