ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ശക്തമായ പിന്തുണ ഉറപ്പ്നൽകി എൻഡിഎ സഖ്യത്തിലെ നേതാക്കൾ. നരേന്ദ്ര മോദിയെ ഐക്യകണ്ഠേന മുന്നണിയുടെ നേതാവായി തെരഞ്ഞെടുത്തു. നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലെ വസതിയിൽ വച്ചായിരുന്നു നേതൃയോഗം നടന്നത്.
ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു, ലോക് ജനശക്തി പാർട്ടി (എൽജെപി) പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, രാഷ്‌ട്രീയ ലോക് ദൾ (ആർഎൽഡി) നേതാവ് ജയന്ത് ചൗധരി, എച്ച്ഡി കുമാരസ്വാമി, ജിതൻ റാം മാഞ്ചി, അനുപ്രിയ പട്ടേൽ, ഏക്നാഥ് ഷിൻഡെ, എന്നീ എൻഡിഎ നേതാക്കളും മറ്റ് മുതിർന്ന ബിജെപി നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാൻ നേതാക്കൾ വെള്ളിയാഴ്ച രാഷ്‌ട്രപതിയെക്കാണാനും എൻഡിഎ യോഗത്തിൽ തീരുമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയാണ് എൻഡിഎ മൂനാം തവണയും അധികാരത്തിലേക്ക് വരുന്നത്. അതേസമയം മോദിയെ പ്രതിരോധിക്കാൻ പ്രധാന പാർട്ടികളെയെല്ലാം ഒപ്പം കൂട്ടി മുന്നിട്ടിറങ്ങിയ ഇൻഡി സഖ്യം 232 സീറ്റുകളിൽ ഒതുങ്ങി.















