കഠിന പരിശീലനവും ദൈവാനുഗ്രവും പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാൻ സഹായിച്ചെന്ന് ബോക്‌സർ നിഷാന്ത് ദേവ്. താൻ ദൈവത്തിന് ഏറെ പ്രിയപ്പെട്ടവനാണെന്നും വിജയിക്കാനാവശ്യമായതെല്ലാം തന്റെ ഉള്ളിൽ ഉണ്ടെന്നും താരം പറഞ്ഞു. കരുത്തും വേഗതയും ടൈമിംഗുമുണ്ടെങ്കിലും , പ്രധാനം കഴിവാണ്. ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചാൽ ഏതൊരു എതിരാളിയെയും കീഴ് പ്പെടുത്താനാകും. യോഗ്യത നേടിയതിന് ശേഷം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
‘മത്സരത്തിനായി ഏറെ പരിശീലിച്ചു, എന്റെ തന്ത്രങ്ങളിൽ ചെറിയ മാറ്റം വരുത്തി. റിംഗിൽ കഴിവ് നന്നായി പ്രയോജപ്പെടുത്താനായി. എതിരാളിയെ തളർത്താൻ ശരീരത്തിലേക്ക് കൂടുതൽ പഞ്ച് ചെയ്യുന്നതും തന്ത്രമാണ്. കരുത്തിനാെപ്പം തലച്ചോറ് കൂടി പ്രവർത്തിച്ചാലെ വിജയം നേടാനാകൂ. ശക്തിയുണ്ടെങ്കിലും അതുകൊണ്ട് മാത്രം ഒരു മത്സരത്തിൽ വിജയം നേടാനാകില്ല. വേഗത, സമയം,ടൈമിംഗ് , ബോക്‌സിംഗ് മൈൻഡ് എന്നിങ്ങനെ ചെറിയ കാര്യങ്ങൾ പോലും വിജയിക്കണമെങ്കിൽ ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാണ് യോഗ്യതാ മത്സരത്തിൽ വിജയിച്ചത്.’ – താരം പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്‌സറാണ് താരം. ലോക ബോക്‌സിംഗ് യോഗ്യതാ മത്സരത്തിലെ 71 കിലോ ഗ്രാം വിഭാഗത്തിൽ മോൾഡോവയുടെ വാസിൽ സെബോട്ടറിയെ തോൽപ്പിച്ചതോടെയാണ്(50) ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിച്ചത്. നിഖാത് സരീൻ (50 കിലോ), പ്രീത് പവാർ (54 കിലോ), ലോവ്‌ലിന ബോർഗോഹെയ്ൻ (75 കിലോ) എന്നിവർ നേരത്തെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.















