ന്യൂഡൽഹി: നരേന്ദ്രമോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും രംഗത്ത്. മോദിയുടെ രാഷ്‌ട്രീയ ആധിപത്യം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് പുടിൻ പ്രസ്താവനയിലൂടെ അറിയിച്ചു.
പാർലമെന്ററി തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പാർട്ടി നേടിയ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച പിന്തുണയാണ് ഈ ജനവിധി. ആഗോളവേദിയിൽ ഇന്ത്യയുടെ താത്പര്യങ്ങൾ ഇനിയും സംരക്ഷിക്കപ്പെടും. ഈ തെരഞ്ഞെടുപ്പോടെ രാഷ്‌ട്രീയത്തിൽ മോദിക്കുള്ള വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. ന്യൂഡൽഹിയുമായി റഷ്യയ്‌ക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കുന്നതാണ്. അന്താരാഷ്‌ട്ര അജണ്ടകളിലും ഉഭയകക്ഷി ബന്ധങ്ങളിലും നിലവിലുള്ള പ്രതിസന്ധികളെ നേരിടാൻ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കും ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പ്രസ്താവനയിലൂടെ കുറിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും മോദിയെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയും യുകെയും വളരെ അടുത്ത സൗഹൃദം പങ്കിടുന്നവരാണെന്നും ഇനിയും അത് തുടരുമെന്നും ഇന്ത്യൻ വംശജൻ കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമടക്കം അമ്പതോളം ലോകനേതാക്കൾ നരേന്ദ്രമോദിയെ പ്രശംസിച്ച് കുറിപ്പുകൾ പങ്കുവച്ചിരുന്നു.