തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞ മണ്ഡലമായിരുന്നു ആറ്റിങ്ങൽ. ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച മണ്ഡലത്തിൽ നിസാര വേട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി തോൽവിക്ക് വഴങ്ങിയത്. സ്വന്തം ബൂത്തിൽ പോലും കനത്ത തിരിച്ചടിയാണ് വി. ജോയ് നേരിട്ടത്.
സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയുടെ ബൂത്തായ ചിറയൻകീഴ് നിയമസഭ മണ്ഡലത്തിലെ അഴൂർ 156-ാം നമ്പർ ബൂത്തിൽ 24 വോട്ടിനാണ് ബിജെപി മുന്നിലെത്തിയത്. ഇവിടെ ബിജെപി 294 വോട്ടും എൽഡിഎഫ് 270 വോട്ടും യുഡിഎഫ് 108 വോട്ടും നേടി. ഇതേ വാർഡിലെ രണ്ടാമത്തെ ബൂത്തിൽ 40 വോട്ടിന്റെ ലീഡും ബിജെപി നേടി.
ബിജെപി 249 വോട്ടും എൽഡിഎഫ് 209 വോട്ടും യുഡിഎഫ് 137 വോട്ടുമാണ് ഇവിടെ നേടിയത്. പാർട്ടി ശക്തി കേന്ദ്രമായി കാണുന്ന ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ ബിജെപി മൂന്നിലെത്തിയതിനൊപ്പം മണ്ഡലത്തിലെ സിപിഎം എംഎൽഎയായ ഒ.എസ്. അംബികയുടെ ബൂത്തായ കോരാണിയിലും ബിജെപിയാണ് 80 വോട്ടിന് മുന്നിൽ.
വൻ മുന്നേറ്റമാണ് ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് ബിജെപി എത്തിയത്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികളേക്കാൾ ഏകദേശം 16,000 വോട്ടുകൾക്ക് മാത്രം പിന്നിലായിരുന്നു രാജീവ് ചന്ദ്രശേഖർ.
16,077 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ 16,272 വോട്ടുകൾക്കാണ് മുരളീധരൻ മൂന്നാം സ്ഥാനത്തായത്. തിരുവനന്തപുരം മണ്ഡലത്തിൽ കഴക്കൂട്ടം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. മുൻ വർഷങ്ങളിലേക്കാൾ വോട്ട്വിഹിതം വർദ്ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു.















