തൃശൂർ: കെ. മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂരിൽ വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ. ജില്ലയിലെ കോൺഗ്രസ് നേതാക്കളെ പേരുപറഞ്ഞ് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ. ഡിസിസി ഓഫീസിന് മുൻപിലും തൃശ്ശൂർ പ്രസ് ക്ലബ്ബിന് മുൻപിലുമാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്.
സംഭവം വിവാദമായതോടെ പോസ്റ്റർ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് കീറിമാറ്റി. ഇന്നലെയും പോസ്റ്റർ പ്രതിഷേധം ശക്തമായിരുന്നു. ‘ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല’ എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് ഡിസിസി ഓഫീസിന്റെ മതിലില്‍ പതിച്ചത്. പിന്നാലെ ഈ പോസ്റ്ററും നീക്കം ചെയ്തിരുന്നു.
മുരളീധരന്റെ തോൽവിയോടെ കോൺഗ്രസിലുണ്ടായിരുന്ന ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. തനിക്ക് വേണ്ടി പ്രചരാണത്തിന് നേതാക്കൾ ആരുമെത്തിയില്ലന്നും സംഘടനാ ചലത്തിൽ പ്രവർത്തനം വേണ്ട വിധത്തിൽ നടന്നില്ലെന്നതടക്കമുള്ള ആരോപണങ്ങൾ കെ. മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുരളീധരന്റെ തോൽവിയിൽ അതൃപ്തി ആളിക്കത്തുന്നത്. തന്നെ തോൽപ്പിച്ചവർ തന്നെയാണ് സഹോദരനെയും തോൽപ്പിച്ചതെന്ന് പദ്മജ വേണുഗോപാലും ഇന്നലെ മാദ്ധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.