തൃശൂർ: പൂരം നടത്തിപ്പ് രീതിയിൽ മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. പൂരം നടത്തിപ്പ് പുതിയ രീതിയിലായിരിക്കും. പൂരം വിവാദത്തിന്റെ പേരിൽ നിലവിലുള്ള കളക്ടറെയും കമ്മീഷണറെയും മാറ്റരുത്. ഇരുവരെയും നിലനിർത്തി ജനങ്ങളുടെ മനസിൽ പൂരത്തിനിടെ വീണ കരട് ശുദ്ധീകരിക്കും. ഈ വിഷയം കളക്ടറുമായി ഇന്നലെ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എംപിയായിട്ട് ഇരിക്കുമ്പോൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മാത്രമേ പൂരം ഉൾപ്പെടെയുള്ള കാര്യങ്ങൾ തനിക്ക് സാധിക്കുകയുള്ളു. അതിനാൽ തന്നെ ഒരു മുറിയിൽ ഒതുക്കാൻ ശ്രമിക്കരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കുന്ന എംപിയായിട്ടായിരിക്കും പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള സാധ്യതകൾ പരിശോധിക്കും. കെഎംആർഎൽ എംഡിയായ ലോക്‌നാഥ് ബെഹ്‌റയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ക്രോസ് ബൈപ്പാസ് എന്ന പദ്ധതിയും മനസിലുണ്ട്. മണ്ണുത്തി – ശങ്കരൻകുളങ്ങര- പൊന്നാനി റൂട്ടിലായിരിക്കും ഇത്. കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കും മന്ത്രിസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും പ്രവർത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.















