തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. വിയർത്ത് കുളിച്ചാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ നിലവിലെ എംപി കൂടിയായ ശശി തരൂർ വിജയിച്ചത്. എന്നാൽ മണ്ഡലത്തിലെ പല ബൂത്തുകളിലും മൂന്നാം സ്ഥാനത്തേക്ക് ഇടതുമുന്നണി കൂപ്പുകുത്തി. ഇടത് മന്ത്രിമാരുടെയും മേയർ ആര്യാ രാജേന്ദ്രന്റെയും ബൂത്തിൽ ബിജെപി ഒന്നാമതെത്തി.
നേമം എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയുടെ പെരുന്താന്നി ബൂത്തിൽ 335-ലധികം വോട്ടാണ് ബിജെപി നേടിയത്. 87 വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ ബൂത്തിൽ 522 വോട്ട് ബിജെപി നേടിയപ്പോൾ 161 വോട്ടിലേക്ക് എൽഡിഎഫ് ചുരുങ്ങി. മേയർ ആര്യാ രാജേന്ദ്രന്റെ ബൂത്തിൽ 770 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കടകംപിള്ളി സുരേന്ദ്രന്റെ കരിക്കകം വാർഡിൽ 346 വോട്ടിന്റെ ലീഡും ബിജെപി സ്വന്തമാക്കി.
തൃശൂരിൽ അക്കൗണ്ട് തുറന്നതിന് പുറമെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്താനും ബിജെപിക്ക് സാധിച്ചു. 20 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കാനും ഇക്കുറി ബിജെപിക്ക് സാധിച്ചു.