തിരുവനന്തപുരം: കെ മുരളീധരൻ ഏത് സ്ഥാനത്ത് മത്സരിക്കാനും യോഗ്യനാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. വേണമെങ്കിൽ കെ,മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നൽകുമെന്നും സുധാകരൻ പറഞ്ഞു. ആലത്തൂരിലെയും തൃശൂരിലെയും പരാജയ കാരണം അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രമ്യ ഹരിദാസിന്റെയും കെ മുരളീധരന്റെയും പരാജയത്തിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനോട് സഹകരിച്ച് മതിയായ തെളിവുകളും നൽകണം. അതിനനുസരിച്ച് തീരുമാനവും ആ തീരുമാനത്തിന്റെ പുറത്ത് നടപടിയും ഉണ്ടാകുമെന്നും കെ സുധാകരൻ അറിയിച്ചു.
തൃശൂരിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. തൃശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ മാത്രം നടപടി സ്വീകരിക്കും. ഇന്ന് മുരളീധരനുമായി കൂടിക്കാഴ്ചയൊന്നും തീരുമാനിച്ചിട്ടില്ല. മുരളിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിലും തടസമില്ല, എവിടെ മത്സരിപ്പിക്കാനും യോഗ്യനായ മനുഷ്യനാണ്. അതിനുവേണ്ടി ആദ്യം രാഹുൽ ഗാന്ധിയുടെ തീരുമാനം അറിയണമെന്നും അദ്ദേഹം പറഞ്ഞു.
കെ മുരളീധരൻ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിക്കാൻ കഴിവുള്ള നേതാവാണ്. ഏത് ചുമതല നൽകിയാലും നല്ല രീതിയാൽ പ്രവർത്തിക്കാൻ കഴിവുള്ള നേതാവാണ് മുരളീധരൻ. വേണമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും. അതിലൊന്നും യാതൊരുവിധ തർക്കവുമില്ല. മുൻപ് കെപിസിസി പ്രസിഡന്റ് ആയിരുന്ന ആളല്ലേ എന്നും കെ.സുധാകരൻ ചോദിച്ചു.
കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇതൊക്കെ മുന്നണിയിൽ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. യുഡിഎഫിന് കെഎം മാണിയെ മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















