ആദ്യ ദിവസം ചലച്ചിത്ര നിരൂപണം നടത്തുന്നവർ പ്രതിഭാശൂന്യരാണെന്ന് നടൻ ജോയ് മാത്യു. സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ നിരാശയിൽ നിരൂപകരായ കുറെയേറെ പൊട്ടന്മാരെ താൻ കണ്ടിട്ടുണ്ടെന്നും നടൻ പറഞ്ഞു. സിനിമക്ക് പിന്നിലെ കഠിനാധ്വാനം മനസിലാക്കാത്തവരാണ് ഇവരൊക്കെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിനിടയിലായിരുന്നു സിനിമാ നിരൂപകരെ കുറിച്ച് ജോയ് മാത്യു സംസാരിച്ചത്.
‘സിനിമാ റിവ്യൂ എന്നത് പഠിച്ചിട്ട് ചെയ്യേണ്ട പണിയാണ്. ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുമ്പോൾ അതിനെ കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ടാകും. അതുപോലെ തന്നെയാണ് സിനിമയും. സിനിമയിൽ അവസരം കിട്ടാതെ വരുമ്പോഴാണ് ചിലർ സിനിമാ നിരൂപകരാകുന്നത്. അങ്ങനെ കുറെയേറെ പൊട്ടന്മാരെ ഞാൻ കണ്ടിട്ടുണ്ട്. ഇവരെയൊക്കെ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കണമെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. പക്ഷെ, നമുക്കത് ചെയ്യാൻ പറ്റില്ല.
ആദ്യത്തെ ദിവസം തന്നെ ചലച്ചിത്ര നിരൂപണം നടത്തുന്നതൊക്കെ ഭയങ്കര ബോറാണ്. ഇവരെല്ലാം പ്രതിഭാ ശൂന്യരാണ്. സിനിമയുടെ ചരിത്രം, സിനിമ സമൂഹത്തിൽ ഉണ്ടാക്കുന്ന ഇംപാക്ട്, വാല്യു, സിനിമയിൽ ഓരോ ആൾക്കാരും ചെയ്യുന്ന അധ്വാനം ഇതൊന്നും മനസിലാക്കാതെയാണ് ഒറ്റ രാത്രികൊണ്ട് ചിലർ സിനിമയെ ഇല്ലാതാക്കുന്നത്. ഇതിനെയൊന്നും നിരൂപണം എന്ന് പറയാൻ സാധിക്കില്ല. തോന്നിയവാസം എന്നാണ് പറയേണ്ടത്.
സിനിമയൊരു കലയാണെന്ന് മനസിലാക്കി പറയുകയും എഴുതുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പുസ്തക നിരൂപണം ചെയ്യുന്നവർ ഒരിക്കലും പിറ്റെ ദിവസം എഴുതില്ല. പുസ്തകം വായിച്ച് ഒരു മാസം കഴിഞ്ഞശേഷം മാത്രമേ, നിരൂപണം ചെയ്യുകയുള്ളൂ. സിനിമ നിരൂപണം ചെയ്യാൻ രണ്ട് മണിക്കൂറിന്റെ ആവശ്യം മാത്രമാണുള്ളത്. സിനിമ റിവ്യൂ ചെയ്താൽ കുറെയേറെ വ്യൂസും കിട്ടും പണവും കിട്ടും. ചുരുക്കത്തിൽ പറഞ്ഞാൽ, മറ്റൊരാളുടെ ഉച്ഛിഷ്ടമാണ് റിവ്യൂ ചെയ്യുന്നവർ ഭക്ഷിക്കുന്നത്.’- ജോയ് മാത്യു പറഞ്ഞു.















