കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങളിൽ പ്രതികരിച്ച് ഗോകുൽ സുരേഷ്. നിമിഷയ്‌ക്കെതിരായ സൈബറാക്രമണങ്ങളിൽ വിഷമമുണ്ടെന്നും അന്ന് അച്ഛനെതിരെ അവർ സംസാരിച്ച സമയത്തും വിഷമം തോന്നിയിരുന്നുവെന്നും ഗോകുൽ പ്രതികരിച്ചു. ഓൺലൈൻ മാദ്ധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താരപുത്രൻ പ്രതികരിച്ചത്.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണത്. അന്ന് അച്ഛനെ ട്രോളുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്ന് നടി ചിന്തിച്ചിരുന്നില്ല. അവർ ജോലി ചെയ്യുന്ന മേഖലയിലെ സീനിയർ ആർട്ടിസ്റ്റിനെക്കുറിച്ചാണ് ഇത്തരത്തിൽ പറയുന്നതെന്ന ചിന്ത അവർക്കില്ലായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മാറിയപ്പോൾ അവർക്ക് അതൊരു തിരിച്ചടിയായി മാറിയിട്ടുണ്ടാകാം. ഇതൊന്നും ഞങ്ങളുടെ നിത്യജീവിതത്തെ ബാധിച്ചിട്ടില്ല. അവരെ സോഷ്യൽമീഡിയയിലൂടെ വേദനിപ്പിക്കുന്നതിൽ വിഷമം തന്നെയാണ് തോന്നിയത്. അന്ന് അവർ അച്ഛനെക്കുറിച്ച് പറഞ്ഞപ്പോഴും വിഷമം മാത്രമാണ് തോന്നിയത്.- ഗോകുൽ സുരേഷ് പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുൻപായിരുന്നു സുരേഷ് ഗോപിയെ പരിഹസിച്ച് നടി നിമിഷ വിജയൻ പ്രതികരിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ പ്രതികരണം. “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, അപ്പോഴാണ്.. നമ്മൾ കൊടുക്കുമോ, കൊടുക്കൂല” എന്നായിരുന്നു നടി പറഞ്ഞത്. തുടർന്ന് സോഷ്യൽ മീഡിയ ഇത് ഏറ്റെടുക്കുകയും ഇടതുസൈബറിടങ്ങളിൽ വലിയ പ്രചാരം നേടുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപി തൃശൂർ “എടുത്തതോടെ” നിമിഷയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുകയായിരുന്നു. ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ പ്രതികരിച്ചത്.















