ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നരേന്ദ്ര മോദിയുമായി സംസാരിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ടെർ ലെയെൻ. സംഭാഷണത്തിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും അവർ ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നരേന്ദ്ര മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെകുറിച്ചും സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ഞങ്ങൾ സംസാരിച്ചു. ആഗോള പ്രശ്‌നങ്ങളിൽ ഒരുമിച്ചുളള പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ജി 7 ഉച്ചകോടിയെക്കുറിച്ചും ചർച്ച ചെയ്തതായി അവർ വ്യക്തമാക്കി. ജൂൺ 13 – 15 വരെ ഇറ്റലിയിൽ വച്ചാണ് ജി 7 ഉച്ചകോടി.
തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിക്ക് ആശംസയറിയിച്ച് ഉർസുല വാണ്ടർലെയ്ൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്കും ഒപ്പം നരേന്ദ്രമോദിക്കും അഭിനന്ദനങ്ങൾ പറഞ്ഞു തുടങ്ങിയ സന്ദേശത്തിൽ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഇനിയും ശക്തമായ പങ്കാളിത്തമുണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനു നന്ദി അറിയിച്ച് നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു.
75 ഓളം ലോകനേതാക്കളാണ് പ്രധാനമന്ത്രിക്ക് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നത്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് ചാൾസ് മൈക്കൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലിത്വാനിയൻ പ്രസിഡൻ്റ് ഗിറ്റാനസ് നൗസേദ, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് , നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ , മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സു എന്നിവർ ആശംസകൾ അറിയിച്ച പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു.















