എറണാകുളം: തെരഞ്ഞെടുപ്പിനിടെ സുരേഷ് ഗോപിക്ക് നേരെയുണ്ടായ വ്യാജ പ്രചരണങ്ങൾക്കും ഒറ്റു തിരിഞ്ഞുള്ള ആക്രമണങ്ങൾക്കും മറുപടിയുമായി മകൾ ഭാഗ്യ. അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്. പക്ഷേ അതൊന്നും നമ്മൾ നെഞ്ചിൽ കയറ്റാറില്ല. അതിനൊന്നും നമ്മൾ ഒരു വിലയും നൽകാറില്ല.
അച്ഛൻ അദ്ദേഹത്തിന്റെ ജോലിയുമായി മുന്നോട്ടു പോകും. എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ കളിയാക്കിയാലും. തോറ്റാലും ജയിച്ചാലും അദ്ദേഹം ആൾക്കാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരുപക്ഷേ ഇത്തവണ തോറ്റിരുന്നെങ്കിൽ പോലും നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നതിൽ അച്ഛൻ ഒരു കോട്ടവും വരുത്തുമായിരുന്നില്ല, നല്ല കാര്യങ്ങൾ തുടരും.
നാട്ടുകാർക്കുവേണ്ടി എന്തൊക്കെ ചെയ്യുമോ അതൊക്കെ ചെയ്യും. എത്ര വിമർശനവും കളിയാക്കലും ഉണ്ടായാലും-ഭാഗ്യ പറഞ്ഞു. തൃശൂരിൽ വമ്പൻ ഭൂരിപക്ഷം നേടിയാണ് സുരേഷ്ഗോപി ബിജെപിക്ക് കേരളത്തിൽ ആദ്യ അക്കൗണ്ട് തുറന്നത്. നിലവിൽ കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്ക് ഡൽഹിയിലാണ് സുരേഷ് ഗോപിയുള്ളത്.















