ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ കോൺഗ്രസ്-ആം ആദ്മി കൂട്ടുകെട്ട് സ്വാർത്ഥതയുടെ പേരിൽ ഉണ്ടായ സൗഹൃദമാണെന്ന വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും ഇടയിൽ സഖ്യമുണ്ടാകില്ലെന്ന, എഎപി നേതാവ് ഗോപാൽ റായിയുടെ പ്രഖ്യാപനത്തെ പരിഹസിച്ചായിരുന്നു പൂനാവല്ലയുടെ പരാമർശം.
” ഡൽഹിയിൽ ഏഴ് സീറ്റിലും അവർ സഖ്യം ചേർന്ന് മത്സരിച്ചു. ഒന്നിൽ പോലും അവർക്ക് വിജയിക്കാനായില്ല. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്നാണ് ആം ആദ്മിയുടെ ഗോപാൽ റായ് പ്രഖ്യാപിച്ചത്. അങ്ങേയറ്റം സ്വാർത്ഥമായ സൗഹൃദമാണിത്. ഇപ്പോൾ ഡൽഹിയിൽ അവർ പരസ്പരം ചീത്ത വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണ് ഇൻഡി മുന്നണിയുടെ യഥാർത്ഥ മുഖമെന്നും” ഷെഹ്‌സാദ് പരിഹസിച്ചു.
കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും ആം ആദ്മി സ്വതന്ത്രമായി മത്സരിക്കുമെന്നുമായിരുന്നു ഇന്നലെ നേതാവിന്റെ പ്രസ്താവന. ” ഈ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഉള്ളതായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യം ഉണ്ടാകില്ലെന്നും” ഗോപാൽ റായ് പറയുന്നു. അടുത്ത വർഷം ആദ്യമാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2020ൽ കോൺഗ്രസിന് ഇവിടെ ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. 70ൽ 62 സീറ്റും അന്ന് ആം ആദ്മിയാണ് സ്വന്തമാക്കിയത്. ബിജെപിക്ക് എട്ട് സീറ്റുകളാണ് നേടാനായത്.















