തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ പരാജയപ്പെട്ടതോടെ തൃശൂർ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു.
പൊട്ടിത്തെറി രൂക്ഷമായതോടെ തുടർച്ചായ മൂന്നാം ദിനവും ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, എംപി വിൻസന്റ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.
‘ കെ മുരളീധരന്റെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും അനിൽ അക്കര മുക്കി ‘, ‘ പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എം പി വിൽസെന്റ് ഒറ്റുകാരൻ’ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിൽ ഓഫീസിന് മുന്നിൽ പതിച്ചത്. ടി എൻ പ്രതാപന് ഇനി ഒരു വാർഡിൽ പോലും സീറ്റ് നൽകരുതെന്നും ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് ഇന്നലെ പതിച്ചത്.
കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ഭിന്നിപ്പ് രൂക്ഷമായത്. നേതൃത്വത്തിനെതിരെ മുരളീധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. തന്റെ പ്രചാരണത്തിനായി മുതിർന്ന നേതാക്കൾ ആരും തന്നെ എത്തിയില്ലെന്നും സംഘടനാ തലത്തിൽ കാര്യക്ഷമമായ പ്രവർത്തനം നടന്നില്ലെന്നുമുള്ള ആരോപണങ്ങൾ മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു.















