മോസ്കോ: സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ റഷ്യയിലെ നദിയിൽ മുങ്ങിമരിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള നദിയിലാണ് ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. നാലംഗ സംഘത്തിൽ ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. റഷ്യയിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളുടെ മുങ്ങി മരണം സ്ഥിരീകരിച്ചു.
നോവ്‌ഗോറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 18 -20 വയസ്സിനിടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.
ഒഴുക്കിൽപ്പെട്ട പെൺസുഹൃത്തിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മൂന്നുപേരും ചേർന്ന് ശ്രമിക്കുന്നതിനിടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽപ്പെട്ട ആൺകുട്ടികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് മോസ്‌കോയിലെ ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു. രക്ഷപ്പെട്ട വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എംബസി അറിയിച്ചു.















