ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി യോഗത്തിൽ നരേന്ദ്രമോദിക്ക് പ്രശംസകളുമായി ലോക ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ. മോദിയുടെ ഇച്ഛാശക്തിയാണ് ചരിത്ര വിജയം നേടാൻ സാധിച്ചതിന് പിന്നിലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിലെത്തുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പ്രശംസിച്ചു.
ഭാരതത്തിലെ ജനങ്ങൾക്ക് മോദിയിൽ പൂർണ വിശ്വാസമുണ്ട്. നമ്മുടെ രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറിയെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഇതിന്റെയെല്ലാം ബഹുമതി ലഭിക്കേണ്ടത് മോദിക്കാണെന്നും ചിരാഗ് പസ്വാൻ പറഞ്ഞു. നരേന്ദ്രമോദിക്ക് ആലിംഗനവും നൽകിയതിന് ശേഷമാണ് ചിരാഗ് പാസ്വാൻ വേദിയിൽ നിന്നും മടങ്ങിയത്.
യോഗത്തിൽ മുതിര്‍ന്ന ബിജെപി നേതാവും രണ്ടാം മോദി സർക്കാരിലെ പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് മോദിയെ എന്‍ഡിഎയുടെ നേതാവായി നിർദ്ദേശിച്ചു. തുടര്‍ന്ന് കയ്യടികളോടെ അംഗങ്ങൾ പിന്തുണച്ചു. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി.
കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായാണ് എന്‍ഡിഎ സഖ്യത്തിന്റെ യോഗം പാർലമെൻ്റിന്റെ സെൻട്രൽ ഹാളിൽ ചേർന്നത്.















