തൃശൂർ: കെ. മുരളീധരന്റെ തോൽവിയ്ക്ക് പിന്നാലെ തൃശൂർ ഡിഡിസി ഓഫീസിൽ കയ്യാങ്കളി. കെ. മുരളീധന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സതീശൻ കുര്യച്ചിറയെ കയ്യേറ്റം കയ്യേറ്റം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡിസിസി അദ്ധ്യക്ഷനും അനുകൂലികളും തന്നെ പിടിച്ചുതള്ളിയതായി സതീശൻ കുര്യച്ചിറ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കയ്യാങ്കളിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസി ഓഫീസിന്റെ മുന്നിൽ വരെ ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിസിസി ഓഫീസിലേക്ക് എത്തിയപ്പോൾ അദ്ധ്യക്ഷൻ ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ അനുകൂലികൾ കയ്യേറ്റം ചെയ്തുവെന്നാണ് സതീശന്റെ പരാതി.
സംഭവത്തിൽ വ്യക്തമായ വിശദീകരണം ലഭിക്കാതെ ഓഫീസിൽ നിന്ന് പോകില്ലെന്നും അക്രമ സംഭവത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഓഫീസിൽ തന്നെ കുത്തിയിരിക്കുമെന്നും സതീശൻ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ കുര്യച്ചിറയുടെയും, ഡിഡിസി അദ്ധ്യക്ഷന്റെയും അനുകൂലികൾ ചേരി തിരിഞ്ഞ് വെല്ലുവിളിക്കുകയായിരുന്നു. ഇതിനൊടുവിലാണ് കയ്യാങ്കളിയിലെത്തിയത്. വൈകിട്ടായിരുന്നു സംഭവം.
കെ. മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഡിസിസി ഓഫീസിന് മുന്നിൽ മൂന്നാം തവണയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, എംപി വിൻസന്റ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചത്. കെ. മുരളീധന്റെ തോൽവിക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നാണ് മുരളീധരന്റെ അനുയായികൾ ആരോപിക്കുന്നത്.















