ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്താനായെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആശയപരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്ന് തരിപ്പണമായെന്നും വഗ്ഗീയതയും അഴിമതിയുമാണ് സിപിഎമ്മിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിജയത്തെകുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം ശ്രദ്ധേയമാണെന്നും വലിയ രാഷ്‌ട്രീയമാറ്റങ്ങൾക്കുള്ള തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ സുരേന്ദ്രൻ.
ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിലും മറ്റൊരു രാഷ്‌ട്രീയപാർട്ടിക്കും കടക്കാനാകാത്ത കേരളത്തിലെ ഗ്രാമങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി ഒന്നാം സ്ഥാനത്തെത്തിയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആശയപരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്ന് തരിപ്പണമായിരിക്കുന്നു. അവർ വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് ബിജെപിയെ ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ ഫലത്തിൽ അവരെത്തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് വന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ഹമാസിന് വേണ്ടി വാദിക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് മാത്രമേ കിട്ടുകയുള്ളു എന്നത് ആർക്കാണ് അറിയാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഹമ്മദ് റിയാസിനെയും ഷംസീറിനെയും റഹീമിനെയുമൊക്കെ വച്ചുള്ള സിപിഎമ്മിന്റെ പുതിയ പരീക്ഷണം അതിന്റെ ഭാഗമാണ്. സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറാനുള്ള ശ്രമങ്ങളാണ് കുറച്ചുകാലമായി നടത്തുന്നത്. അതിന്റെ തിരിച്ചടിയാണ് അവർ നേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അഴിമതിക്കും വർഗ്ഗീയ പ്രീണനത്തിനുമെതിരായ പ്രചാരണം ബിജെപി ഗ്രാമങ്ങളിലും വീടുകളിലും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.