ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും ഭാരത രത്ന അവാർഡ് ജേതാവുമായ എൽ. കെ അദ്വാനിയെ നേരിൽ കണ്ട് നരേന്ദ്ര മോദി. രാഷ്‌ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിന് മുന്നോടിയായാണ് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയത്.
#WATCH | PM Narendra Modi meets Bharat Ratna and veteran BJP leader LK Advani at the latter’s residence in Delhi. pic.twitter.com/fZtIlOj5yw
— ANI (@ANI) June 7, 2024
എൻഡിഎ യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹം അദ്വാനിയെ കണ്ടത്. ലോക്സഭ കക്ഷി നേതാവ്, എൻഡിഎ പാർലമെന്ററി പാർട്ടി നേതാവ്, ബിജെപി നേതാവ് എന്നീ നിലകളിലേക്ക് ഐകകണ്ഠ്യേന മോദി തെരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ സഖ്യത്തിന്റെ യോഗത്തിലാണ് നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചത്.
മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ എൻഡിഎയുടെ നേതാവായി യോഗത്തിൽ നിർദേശിച്ചത്. തുടർന്ന് കയ്യടികളോടെയാണ് അംഗങ്ങൾ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്റെ നിർദേശത്തെ പിന്താങ്ങി.
പാവപ്പെട്ടവരുടെ പുരോഗതിയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. രാജ്യമാണ് ഒന്നാമത് എന്ന മൂല്യബോധത്തിലാണ് എൻഡിഎ പ്രവർത്തിക്കുന്നത്. ദക്ഷിണ ഭാരതത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതും അദ്ദേഹം പ്രത്യേകം പരാമർശിച്ചിരുന്നു. സുരേഷ് ഗോപിയുടെ വിജയത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.















