കാഠ്മണ്ഡു: ഹിമാലയൻ പർവ്വത നിരകളിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നീക്കം ചെയ്തത് നാല് മൃതദേഹവും പതിനൊന്ന് ടൺ മാലിന്യവും. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പർവ്വതത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇനിയും അമ്പത് ടണ്ണിലധികം മാലിന്യവും 200 ലധികം മൃതദേഹങ്ങളും എവറസ്റ്റിൽ അവശേഷിക്കുന്നുണ്ടെന്ന് നേപ്പാൾ സൈന്യത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
‘ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യക്കൂമ്പാരമായി’ എവറസ്റ്റ് മാറിയെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. 2019-ലാണ് നേപ്പാൾ സൈന്യം പർവതത്തിന്റെ വാർഷിക ശുചീകരണം ആരംഭിച്ചത്. അഞ്ച് വർഷം കൊണ്ട് 119 ടൺ മാലിന്യവും 14 മൃതദേഹങ്ങളും ചുമന്ന് താഴെ എത്തിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഹിമാലത്തിലെ ട്രാഫിക്ക് ക്യൂവിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മെയ് മാസത്തിൽ അവസാനിച്ച സ്പ്രിംഗ് ക്ലൈംബിംഗ് സീസണിൽ 421 പർവ്വതാരോഹകർക്കാണ് നേപ്പാൾ സർക്കാർ പെർമിറ്റ് നൽകിയത്, കഴിഞ്ഞ വർഷം ഇത് 478 ആയിരുന്നു. നേപ്പാളിലെ ഗൈഡുകൾ ഉൾപ്പെടെ 600 ഓളം പേരാണ് ഈ വർഷം മലകയറിയത്. ഇതിൽ എട്ട് പർവ്വതാരോഹകർ മരിക്കുകയോ കാണാതാവുകയോ ചെയ്തു
കഴിഞ്ഞ വർഷം ഇത് 19 ആയിരുന്നു.