ന്യൂഡൽഹി: എൻഡിഎ എംപിമാരുടെ യോഗത്തിനെത്തിയ പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തത് ഇന്ത്യയുടെ ഭരണഘടനയെ തൊട്ടുവണങ്ങിയ ശേഷം. യോഗസ്ഥലത്ത് പ്രത്യേക പീഠത്തിൽ പുഷ്പമാല ചാർത്തിവെച്ചിരുന്ന ഭരണഘടനയെ ആദരവോടെ തൊട്ടുവണങ്ങി കൈയ്യിലെടുത്ത് കണ്ണിൽ ചേർത്തുവെച്ച് ധ്യാനനിരതനായി നിന്ന ശേഷമായിരുന്നു പ്രധാനമന്ത്രി ഇരിപ്പിടത്തിലേക്ക് എത്തിയത്.
ഡോ. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ നിമിഷവും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്ര, പിന്നാക്ക കുടുംബത്തിൽ ജനിച്ച എന്നെ പോലൊരാൾക്ക് രാഷ്‌ട്രത്തെ സേവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടന ഒന്നു കൊണ്ട് മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭരണഘടന കോടിക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയും ശക്തിയും അന്തസ്സും നൽകുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
मेरे जीवन का हर पल डॉ. बाबासाहेब अम्बेडकर द्वारा दिए गए भारत के संविधान के महान मूल्यों के प्रति समर्पित है। यह हमारा संविधान ही है, जिससे एक गरीब और पिछड़े परिवार में पैदा हुए मुझ जैसे व्यक्ति को भी राष्ट्रसेवा का अवसर मिला है। ये हमारा संविधान ही है, जिसकी वजह से आज करोड़ों… pic.twitter.com/6TobT8MKHh
— Narendra Modi (@narendramodi) June 7, 2024
ബിജെപി വീണ്ടും അധികാരത്തിലേറിയാൽ ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കുമെന്ന് ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇൻഡി സഖ്യം നടത്തിയ പ്രചാരണം. ഇതുവഴി വർഗീയ ധ്രുവീകരണത്തിനും പ്രതിപക്ഷം ആവുന്നത് ശ്രമിച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുളള പ്രതിപക്ഷ നേതാക്കൾ നടത്തിയ വാർത്താസമ്മേളനങ്ങളിൽ ബഹുഭൂരിപക്ഷത്തിലും ഉയർത്തിക്കാട്ടിയതും മോദിയും ഭരണഘടനയുമാണ്.
എന്നാൽ ഇന്ത്യൻ ഭരണഘടനെ മാറ്റിയെഴുതാനോ വലിച്ചുകീറാനോ തനിക്കെന്നല്ല ആർക്കും സാധിക്കില്ലെന്ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ഭരണഘടന കോൺഗ്രസിനും പ്രതിപക്ഷത്തിനും രാഷ്‌ട്രീയ പ്രചാരണായുധമാണെന്നും എന്നാൽ ബിജെപിക്ക് ഇന്ത്യൻ ഭരണഘടന പവിത്രമായ ഒന്നാണെന്നും പ്രധാനമന്ത്രി മറുപടി നൽകിയിരുന്നു.
കുപ്രചരണങ്ങൾ നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറാമെന്ന് കരുതിയവർക്ക് തെറ്റി, നീതിയും ധർമവും മറന്ന് തന്റെ സർക്കാർ പ്രവർത്തിക്കില്ലെന്ന കൃത്യമായ രാഷ്‌ട്രീയ സന്ദേശം കൂടിയാണ് ഈ പ്രവൃത്തിയിലൂടെ പ്രധാനമന്ത്രി നൽകിയത്.















