ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് നരേന്ദ്രമോദി. എൻഡിഎ പാർലമെന്ററി പാർട്ടിയുടെ നേതാവായും ലോക്സഭാ കക്ഷി നേതാവായും മോദിയെ തെരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. മൂന്നാം എൻഡിഎ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം ദ്രൗപദി മുർമുവുമായി ചർച്ച നടത്തി. എംപിമാരുടെ പിന്തുണക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി.
സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച മോദി, രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നാം എൻഡിഎ സർക്കാർ രൂപീകരിക്കാനുള്ള അനുമതി നൽകുന്ന ഔദ്യോഗിക കത്ത് രാഷ്ട്രപതി മോദിക്ക് നൽകി. ശേഷം രാഷ്ട്രപതി ഭവന് മുന്നിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. എൻഡിഎ സഖ്യം സുശക്തവും വികസോന്മുഖവുമായ സർക്കാരിനെ രൂപീകരിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു.
അതേസമയം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ നേതാക്കൾ യോഗം ചേരുകയാണ്. ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ, രാജ്നാഥ് സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ട് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.