ഹൈദരാബാദ്: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട യുവാവ് ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ കരിംനഗറിലാണ് സംഭവം. 26 കാരനായ കാർത്തിക്കാണ് ആത്മഹത്യ ചെയ്തത്. ഗെയിം കളിക്കാനായി ഇയാൾ പല ലോൺ ആപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്പയെടുത്തിരുന്നു. ആപ്പുകളിൽ നിന്ന് വായ്പയെടുത്ത പണം ചോദിച്ച് റിക്കവറി ഏജന്റുമാരുടെ ഭീഷണിയും സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഹൈദരബാദ് ആസ്ഥാനമായുള്ള ഐടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച കാർത്തിക്. മാതാപിതാക്കൾ തിരുപ്പതി ദർശനം കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തുമ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവാവിന്റെ ഫോണിലെ ആത്മഹത്യാ കുറിപ്പിലാണ് ഇയാൾ ലോൺ ആപ്പുകളിൽ നിന്നുൾപ്പെടെ കടം എടുത്തിരുന്നതായുള്ള വിവരമുള്ളത്.
തിരുപ്പതിയിലേക്ക് മാതാപിതാക്കൾക്കൊപ്പം പോകാൻ കാർത്തിക്കിനെയും നിർബന്ധിച്ചിരുന്നുവെങ്കിലും ഇയാൾ പോയിരുന്നില്ല. എന്നാൽ പിന്നീട് മകൻ തന്നെ വിളിച്ച് 50 ,000 രൂപ ആവശ്യപ്പെട്ടുവെന്നും ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ലെന്നും തുടർന്ന് വീട്ടിലെത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോൺ വയ്‌ക്കുകയായിരുന്നുവെന്നും കാർത്തിക്കിന്റെ അച്ഛൻ പൊലീസിനോട് പറഞ്ഞു. കടമെടുത്ത കാശ് തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള കാർത്തിക്കിന്റെ ഫോണിലെ മെസ്സേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















