ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെലുങ്കുദേശം പാർട്ടി നേതാവ് കെ രഘു രാമകൃഷ്ണ രാജു. വൈകിട്ട് 4.55നാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ആന്ധ്രയിലെ ജനങ്ങൾക്ക് ഇത് വളരെ അധികം സന്തോഷം നൽകുന്ന നിമിഷമാണെന്നും രാമകൃഷ്ണ രാജു കൂട്ടിച്ചേർത്തു. ” ജൂൺ 12ന് വൈകിട്ട് 4.55ന് ആന്ധ്രയുടം മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യും. നമ്മുടെ പാർട്ടി നേതാക്കളായ ചന്ദ്രബാബു നായിഡുവിനേയും പവൻ കല്യാണിനേയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചത് ആന്ധ്രയിലെ ജനങ്ങളെ ഒന്നാകെ സന്തോഷത്തിലാക്കിയിരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.
പുതിയ കേന്ദ്രമന്ത്രിസഭയിൽ ടിഡിപി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാദങ്ങളും രാമകൃഷ്ണ രാജു തള്ളി. ” അത്തരമൊരു കാര്യം സംഭവിച്ചിട്ടില്ല. ഇത് ഞാൻ അഭിപ്രായം പറയേണ്ടുന്ന വിഷയവും അല്ല. ചന്ദ്രബാബു നായിഡു ഒരിക്കലും അത്തരത്തിൽ സ്ഥാനമാനങ്ങൾ വിലപേശി വാങ്ങുന്ന ആളല്ല. പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾ ചോദിച്ച് അദ്ദേഹം എവിടേയും പോകില്ലെന്നും” രാമകൃഷ്ണ രാജു പറയുന്നു.
കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ കക്ഷി നേതാക്കളുടെ യോഗത്തിൽ നരേന്ദ്രമോദിയെ ചന്ദ്രബാബു നായിഡു അഭിനന്ദിച്ചിരുന്നു. ശരിയായ സമയത്തുള്ള ശരിയായ നേതാവെന്നാണ് അദ്ദേഹം നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10 വർഷത്തെ ഭരണനേതൃത്വം രാജ്യത്തെ വികസന പുരോഗതിയിലേക്ക് നയിച്ചുവെന്നും, കൃത്യമായ ലക്ഷ്യങ്ങളോടെയാണ് അദ്ദേഹം ഭാരതത്തെ മുന്നോട്ട് നയിക്കുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.