ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം നാളെയാണ്. നായകൻ രോഹിത് ശർമ്മ ബാബർ അസമിനും സംഘത്തിനും എതിരെയുള്ള മത്സരത്തിൽ കളിക്കില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജസ്പ്രീത് ബുമ്രയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശൻ പങ്കുവച്ച പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിയൊരുക്കിയത്. ജസ്പ്രീത് ടോസ് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണെന്നാണ് സഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പിന്നാലെ രോഹിത് പാകിസ്താനെതിരെ കളിക്കില്ലെന്നും പകരം ടീമിനെ നയിക്കുക ബുമ്രയായിരിക്കും എന്നുള്ള ചർച്ചകൾക്ക് ക്രിക്കറ്റ് ലോകം തുടക്കമിട്ടു. ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ ആയതിനാൽ പോസ്റ്റ് പ്രമോഷന്റെ ഭാഗമായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ സൂര്യകുമാർ യാദവിന്റെ ഭാര്യ ദേവിഷാ ഷെട്ടിയും സഞ്ജനയ്‌ക്ക് മറുപടി നൽകിയിട്ടുണ്ട്. സ്‌കൈ ടോസ് ചെയ്യുന്നത് കാണൂ എന്ന പോസ്റ്റാണ് ദേവിഷാ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ പ്രമോഷൻ ആയിരിക്കുമെന്ന് ആരാധകരും ഉറപ്പിച്ചു. അർദ്ധ സെഞ്ച്വറി നേടിയതിന് ശേഷമാണ് രോഹിത് ശർമ്മ റിട്ടയേഡ് ഹർട്ടായി മടങ്ങിയത്. തന്റെ പരിക്ക് ഗുരുതരമല്ലെന്നും മത്സരശേഷം താരം പറഞ്ഞിരുന്നപയ
ആദ്യ മത്സരത്തിൽ അയർലൻഡിനെ തകർത്ത ടീം ഇന്ത്യ, പാകിസ്താനെയും തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെങ്കിൽ അമേരിക്കയോട് ദയനീയ പരാജയം ഏറ്റവാങ്ങിയതിന് ശേഷമാണ് പാകിസ്താൻ ഇറങ്ങുന്നത്. തോറ്റാൽ സൂപ്പർ 8 സാധ്യതകൾ മങ്ങും.