എറണാകുളം: അങ്കമാലിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. അങ്കമാലി കോടതിയ്‌ക്ക് സമീപം പാറക്കുളത്താണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്ന എന്നിവരാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഫോറൻസിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തും.
രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് വീടിന് ചുറ്റും പുകപടരുന്നത് ശ്രദ്ധിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് തീപിടിത്തമാണെന്ന് അറിഞ്ഞത്. ഉടൻ തന്നെ അങ്കമാലി ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തീപിടിച്ച മുറിയിലായിരുന്നു കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ച ബിനീഷ് അങ്കലമാലിയിലെ മലഞ്ചരക്ക് വ്യാപാരിയാണ്. ജോസ്‌ന മൂന്നാം ക്ലാസ്സിലും ജെസ്മിൻ എൽകെജിയിലുമാണ് പഠിക്കുന്നത്.