ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ച് നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ പറയുന്നു.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന് ഉടൻതന്നെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉണ്ടാകുമെന്ന് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
2014 ൽ ആണ് കശ്മീരിൽ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ബിജെപിയുടെയും മുഫ്തി മുഹമ്മദ് സയ്യിദിന്റെ പിഡിപിയുടെയും നേതൃത്വത്തിലുള്ള സഖ്യ സർക്കാരാണ് അധികാരത്തിൽ വന്നത്. 2016 ൽ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണത്തോടെ മകൾ മെഹ്ബൂബ മുഫ്തി ഈ സ്ഥാനത്തേക്ക് വരികയായിരുന്നു. 2019 ൽ സഖ്യ സർക്കാരിൽ നിന്നും ബിജെപി പിന്മാറുകയും തുടർന്ന് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുകയുമായിരുന്നു.
കശ്മീരിൽ ഗവർണർ ഭരണവും തുടർന്ന് 2019 വരെ രാഷ്‌ട്രപതി ഭരണവുമായിരുന്നു. 2019 ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറുകയും ചെയ്തു.















