തിരുവനന്തപുരം: അന്താരാഷ്‌ട്ര ഫാഷൻ റാമ്പിലെ കുട്ടിത്താരമായി മലയാളിയായ ഏഴാം ക്ലാസുകാരൻ. തിരുവനന്തപുരം പരുത്തിപാറ സ്വദേശി ആന്റോയുടെ മകൻ ഇഷാനാണ് അന്താരാഷ്‌ട്ര ഫാഷൻ റാമ്പിൽ തിളങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ കുട്ടികളുടെ 24-ഓളം സൗന്ദര്യ മത്സരങ്ങളിലാണ് ഇഷാൻ പങ്കെടുത്തത്.
രണ്ടാം വയസിൽ തുടങ്ങിയ മോഡലിംഗ് രംഗത്തെ യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് അന്താരാഷ്‌ട്ര ഫാഷൻ റാമ്പുകളിലാണ്. ബെസ്റ്റ് ഇന്റർനാഷ്ണൽ കിഡ്, മോഡൽ ഓഫ് യുഎഇ, ഇന്റർ നാഷ്ണൽ ഫാഷൻ ഐഡൻ, യുഎഇ ടൈറ്റിൽ വിന്നർ എന്നിങ്ങനെ ഇതുവരെയായി 24 ഓളം ഫാഷൻ പട്ടങ്ങളാണ് ഇഷാൻ നേടിയത്. ഇടവക്കാട് ലെകോൾ ചെമ്പക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഇഷാൻ നൃത്തം, നീന്തൽ ഇനങ്ങളിലും താരമാണ്.
ആഗസ്റ്റിൽ തായ്ലൻഡിൽ നടക്കുന്ന ജൂനിയർ മോഡലിംഗ് ഇന്റർനാഷ്ണൽ വേൾഡ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇഷാൻ. നടനാകണം എന്നത് അമ്മയുടെ ആഗ്രഹമാണെന്നും അതിനാലാണ് മോഡലിംഗിന് ചേർന്നതെന്നും ഇഷാൻ പറഞ്ഞു.















