ലക്നൗ: ഉത്തർപ്രദേശിൽ നന്ദിപ്രകടന യാത്ര നടത്താനൊരുങ്ങി കോൺഗ്രസ് പാർട്ടി. ജൂൺ 11 മുതൽ 15 വരെയാണ് യാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലും എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. ജനങ്ങൾക്ക് നന്ദി അറിയിക്കാൻ എന്ന പേരിലാണ് യാത്ര നടത്തുന്നതെങ്കിലും കോൺഗ്രസ് നേതാക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും രാഷ്‌ട്രീയ ഭാവി ഉറപ്പിക്കുകയാണ് ലക്ഷ്യം. ഉത്തർ പ്രദേശിന്റെ ചുമതലയുളള പാർട്ടി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയും ഇത് സംബന്ധിച്ച സൂചനകൾ നൽകിക്കഴിഞ്ഞു.
പാർട്ടിയുടെ അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. രാഹുലിന്റെ ഭാരത് ജോഡോ യാത്രപോലെയുള്ള പ്രവർത്തങ്ങളാണ് ജനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ നല്ലതെന്ന വിലയിരുത്തലിലാണ് നന്ദി പ്രകടന യാത്ര നടത്താനുള്ള തീരുമാനം. സമാജ് വാദി പാർട്ടി കൂടി ഉൾപ്പെട്ട ഇൻഡി സഖ്യത്തിന്റെ ബലത്തിലാണ് യുപിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തകർച്ചയിൽ നിന്ന് രക്ഷപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ് പരാജയത്തിൽ നിന്ന് ഭേദപ്പെട്ട തിരിച്ചുവരവ് സമാജ് വാദി പാർട്ടിയും നടത്തിയിരുന്നു. എന്നാൽ ഇൻഡി മുന്നണിയുടെ പേരിൽ മത്സരിച്ചിട്ട് കോൺഗ്രസ് ഒറ്റയ്‌ക്ക് നന്ദി പ്രകടന യാത്രയുമായി സംസ്ഥാനത്ത് ഇറങ്ങുന്നത് രാഷ്‌ട്രീയമായി സമാജ് വാദി പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.
എൺപത് സീറ്റുകളിൽ ആറ് സീറ്റുകൾ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. സമാജ് വാദി പാർട്ടി 37 സീറ്റുകളിലും ബിജെപി 33 സീറ്റുകളിലുമാണ് വിജയിച്ചത്.
Leave a Comment