പാലക്കാട്: ബലാത്സംഗക്കേസിൽ പരാതി നൽകിയ യുവതിയുടെ മൊഴി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ. പാലക്കാട് തൃത്താല സ്റ്റേഷനിലെ എഎസ്ഐയായ കാജാഹുസൈനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് യുവാവിനെതിരെ എഎസ്ഐയ്ക്ക് യുവതി പരാതി നൽകിയിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കാജാഹുസൈൻ പരാതിയിൽ പറയുന്ന യുവാവിനെ വിളിച്ച് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു.
ഇവിടെയെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയ എഎസ്ഐ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയാൽ കേസ് ഒത്തുത്തീർപ്പാക്കി തരാമെന്നും ഇയാൾ യുവാവിനോട് പറഞ്ഞു. ഇതോടെ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.