കോഴിക്കോട്: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. തമിഴ്‌നാട് സ്വദേശി സൂഫിയാൻ കബീറാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയിൽ നിന്ന് 67 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
വാട്‌സ്ആപ്പ് വഴിയാണ് കോഴിക്കോട് സ്വദേശിയുമായി ഇയാൾ പരിചയത്തിലാവുന്നത്. വ്യാജ നമ്പറുകളിൽ നിന്നായിരുന്നു ഇയാൾ മേസേജുകൾ അയച്ചിരുന്നത്. ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂഫിയാൻ കോഴിക്കോട് സ്വദേശിയുമായി ചർച്ച നടത്തിയിരുന്നു. ഓൺലൈൻ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ 67 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തത്.
പണം നഷ്ടമായതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് കോഴിക്കോട് സ്വദേശിക്ക് മനസിലായത്. ഇതോടെ ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സൂഫിയാൻ പിടിയിലായി. തട്ടിപ്പ് നടത്താനായി ഉപയോഗിച്ച ഫോണും സിം കാർഡും ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെർമനന്റ് കാപ്പിറ്റൽ എന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായും തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.















