ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഡൽഹിയിൽ. ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയ മുഹമ്മദ് മുയിസുവിനെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി പവൻ കപൂർ സ്വാഗതം ചെയ്തു. ഇന്ത്യ- മാലദ്വീപ് ബന്ധം വീണ്ടും ദൃഢപ്പെടുത്താൻ ഇത് സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
” പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നിരവധി ലോകനേതാക്കളാണ് ഡൽഹിയിൽ എത്തുന്നത്. മുഹമ്മദ് മുയിസുവിന് ഊഷ്മളമായ സ്വീകരണം നൽകി ഡൽഹിയിലേക്ക് വരവേറ്റു. ഇന്ത്യയുടെ അയൽ രാജ്യമായ മാലിദ്വീപുമായുള്ള ബന്ധം വീണ്ടും ദൃഢപ്പെടുത്തും.”- വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് മുഹമ്മദ് മുയിസു ആശംസകൾ നേർന്നിരുന്നു. ”2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വിജയിച്ച നരേന്ദ്രമോദിക്കും എൻഡിഎ സർക്കാരിനും അഭിനന്ദനങ്ങൾ. ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിൽ നരേന്ദ്രമോദിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു”വെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് ശേഷം മുയിസു എക്‌സിൽ കുറിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്നലെ തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു. ഇന്ന് വൈകിട്ട് 7.15നാണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.















